1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2018

സ്വന്തം ലേഖകന്‍: ജയിലില്‍ കഴിയുന്ന മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന് മാപ്പ് നല്‍കി അധികാരം കൈമാറുമെന്ന് മഹാതീര്‍ മുഹമ്മദ്. മലേഷ്യന്‍ രാജാവ് മാ സുല്‍ത്താന്‍ മുഹമ്മദ് അന്‍വര്‍ ഇബ്രാഹീമിന് എത്രയും പെട്ടെന്ന് മാപ്പുനല്‍കുമെന്നും ജയിലില്‍ കഴിയുന്ന അന്‍വറിന് (70) അധികാരം കൈമാറുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആറു പതിറ്റാണ്ട് രാജ്യം ഭരിച്ച ബാരിസന്‍ നാഷനലിനെ അട്ടിമറിച്ച് അധികാരത്തിലേറിയ മഹാതീര്‍ സഖ്യത്തിന്റെ അപ്രതീക്ഷിത നീക്കമാണിത്. പ്രതിപക്ഷപാര്‍ട്ടികള്‍ക്കൊപ്പം നിന്ന് മത്സരിക്കുമ്പോള്‍ വിജയിച്ചാല്‍ തന്റെ രാഷ്ട്രീയ എതിരാളിയും പീപ്ള്‍സ് ജസ്റ്റിസ് പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ അന്‍വറിന് അധികാരം കൈമാറാന്‍ തയാറാണെന്ന സൂചനയും മഹാതീര്‍ നല്‍കിയിരുന്നു.

അധികാരക്കൈമാറ്റത്തിനു മുമ്പ് രണ്ടോ, മൂന്നോ വര്‍ഷം പ്രധാനമന്ത്രിപദത്തിലിരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 1998 ല്‍ മഹാതീര്‍ പുറത്താക്കുന്നതുവരെ അന്‍വര്‍ മലേഷ്യയിലെ പ്രബലനായ നേതാവായിരുന്നു. തന്റെ പിന്‍ഗാമിയെന്നു കരുതിയിരുന്ന അന്‍വര്‍ ഇബ്രാഹീമുമായി തെറ്റിപ്പിരിഞ്ഞ മഹാതീര്‍ അദ്ദേഹത്തെ അധികാര ദുര്‍വിനിയോഗവും പ്രകൃതിവിരുദ്ധപീഡനവും ആരോപിച്ചു ജയിലിലടക്കുകയായിരുന്നു.

രണ്ടു ദശകത്തിലേറെയായി ഇരുനേതാക്കളും കടുത്ത ശത്രുതയില്‍ തുടര്‍ന്നു. എന്നാല്‍, അതെല്ലാം മറന്ന് ഈ തെരഞ്ഞെടുപ്പില്‍ ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്‍വറിന്റെ മോചനം അടുത്ത മാസം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനകാര്യം, പ്രതിരോധം, വിദേശകാര്യം ഉള്‍പ്പെടെ 10 മന്ത്രിമാരുടെ നിയമനം പൂര്‍ത്തിയായതായി മഹാതീര്‍ പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.