1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2017

സ്വന്തം ലേഖകന്‍: ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും മുന്നില്‍ വച്ച് കൂട്ടബലാത്സംഗം, മ്യാന്മര്‍ പട്ടാളക്കാര്‍ റോഹിംഗ്യന്‍ സ്ത്രീകളോട് ചെയ്ത ക്രൂരതയുടെ കഥകള്‍ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്. കഴിഞ്ഞ ദിവസമാണ് 13 വയസു മുതല്‍ 35 വയസുവരെയുള്ള 29 റോഹിങ്ക്യന്‍ മുംസ്ലിം വനിതകളുടെ അനുഭവം അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടത്. ബംഗ്‌ളാദേശുകളിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഇവരെ നേരിട്ടുകണ്ട് തയാറാക്കിയ പ്രത്യേകം റിപ്പോര്‍ട്ടാണ് അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ചത്.

ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും രോഹിങ്ക്യകളെ വംശീയമായി തുടച്ചുനീക്കാനുള്ള ആസൂത്രിതമായ മാര്‍ഗമായാണ് ബലാല്‍സംഗത്തെ മ്യാന്‍മര്‍ പട്ടാളം ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ പട്ടാളം റോഹിങ്ക്യന്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മ്യാന്‍മര്‍ ഭരണകൂടം.

‘സൂര്യാസ്തമയം കഴിഞ്ഞ് ഏറെ വൈകിയാണ് പട്ടാളക്കാര്‍ കടന്നുവന്നത്.. ഒരു മാസം മുന്‍പ് വിവാഹം കഴിഞ്ഞ അവള്‍ ഭര്‍ത്താവുമൊന്നിച്ച് ഉറങ്ങാന്‍ കിടന്നതേ ഉണ്ടായിരുന്നുള്ളൂ.. ഒരു മുന്നറിയിപ്പും കൂടാതെ കടന്നുവന്ന അവരെക്കണ്ട് അവള്‍ ഭയന്നുവിറച്ചു. കാരണം ഇതിനുമുന്‍പ് അവര്‍ വന്നതിനുശേഷമായിരുന്നു അവള്‍ക്ക് മതാപിതാക്കളെ നഷ്ടമായത്. പിന്നീട് സഹോദരനെ കാണാതായി.

പക്ഷെ ഇത്തവണ അവര്‍ വന്നത് അവളെ തേടിത്തന്നെയായിരുന്നു. ഭര്‍ത്താവിനെ ഒരു കയറുകൊണ്ട് കെട്ടിയിടുകയാണ് അവര്‍ ആദ്യം ചയ്തത്. അവളുടെ വായില്‍ തുണി കുത്തിത്തിരുകി. ആദ്യത്തെയാള്‍ ബലാല്‍ക്കാരത്തിന് മുതിര്‍ന്നപ്പോള്‍ തന്നെ അവള്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. നാലുപേര്‍ ചേര്‍ന്ന് അവളെ ബലമായി പിടിച്ചു. ഒരാള്‍ വലിയ വടിയെടുത്ത് അടിച്ചു.

അവള്‍ ഭര്‍ത്താവിനെ നോക്കി. അയാള്‍ അതിനേക്കാള്‍ ദയനീയതയോടെ അവളെയും.കരയാന്‍ പോലുമാവാത്ത അവളെ അഞ്ച് പേരും ബലാല്‍സംഗം ചെയ്തു. തിരിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു. മറ്റൊരാള്‍ തൊണ്ടയിലേക്കും. റിപ്പോര്‍ട്ടിലെ ഒരു സ്ത്രീയുടെ അനുഭവമാണിത്. പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭിണികള്‍ അങ്ങനെ ആരേയും പട്ടാളം വെറുതെ വിട്ടിട്ടില്ല.

പലരുടേയും മാതാപിതാക്കളുടേയും ഭര്‍ത്താക്കന്‍മാരുടേയും മക്കളുടേയും കണ്‍മുന്നില്‍ വെച്ചാണ് ക്രൂരത അരങ്ങേറിയത്. തങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ എന്ന് പല സ്ത്രീകള്‍ക്കും ഇപ്പോഴുമറിയില്ല. രഖൈന്‍ പ്രദേശത്തെ വിവിധ ഗ്രാമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് വന്ന് ബംഗ്‌ളാദേശിലെ അഭയാര്‍ഥി ക്യാമ്പുകളിലാണ് ഈ സ്ത്രീകള്‍ കഴിയുന്നത്. ഇവരുടെ ഫോട്ടോയും ഇനിഷ്യലുമടക്കമാണ് അസോസിയേറ്റഡ് പ്രസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.