1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2015

സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുംഗും തമ്മിലുള്ള അധികാര തര്‍ക്കം ഡല്‍ഹിയില്‍ ഭരണ സ്തംഭനത്തിലേക്ക് നയിക്കുന്നു. കെജ്രിവാളിന്റെ അനുമതി കൂടാതെ, ലഫ്റ്റനന്റ് ഗവര്‍ണര്‍ ഐഎഎസ് ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം കൊടുത്ത് ആക്ടിംഗ് ചീഫ് സെക്രട്ടറിയായി നിയമിച്ചതാണ് ഏറ്റവും പുതിയ തര്‍ക്ക വിഷയം.

തന്റെ അറിവില്ലാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ കെജ്രിവാള്‍ അറിയിച്ചു. കൂടാതെ ഗവര്‍ണറുടെ തീരുമാനപ്രകാരം സ്ഥാനക്കയറ്റത്തിന് അംഗീകാരം നല്‍കിയ പ്രിന്‍സിപ്പള്‍ സെക്രട്ടറി അനിന്തോ മജുംദാറിനെ കെജ്രിവാള്‍ പറുത്താക്കുകയും ചെയ്തിട്ടുണ്ട്.

അര്‍ദ്ധ സംസ്ഥാന പദവി മാത്രമുള്ള ഡല്‍ഹിയുടെ ഭരണത്തിന്റെ പൂര്‍ണ്ണ അധികാരം ആര്‍ക്കാണെന്ന തര്‍ക്കം അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. കെജ്രിവാള്‍ നിര്‍ദ്ദേശിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് എടുത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഫയലുകള്‍ മുഖ്യമന്ത്രി ഒപ്പിട്ടാലും സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ തന്റെ അന്തിമാനുമതിയോടെ മാത്രമേ തീരുമാനങ്ങള്‍ നടപ്പാക്കാവൂ എന്ന ലഫ്റ്റന്റ് ഗവര്‍ണര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത് തര്‍ക്കം വഷളാക്കി. ഇതിന് ശേഷമാണ് കെജ്രിവാളിന്റെ നിര്‍ദ്ദേശം തള്ളി ഐഎഎസ് ഓഫീസറായ ശകുന്ത ഗാംമ്ലിനെ ആക്ടിങ്ങ് ചീഫ് സെക്രട്ടറിയാക്കി ഉത്തരവിറക്കിയത്.

ഭരണഘടന 239 എഎ പ്രകാരം ഡല്‍ഹി സംസ്ഥാനത്തിന്റെ അധികാരി ലഫ്റ്റന്റ് ഗവര്‍ണറാണ്. അതിനാല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും, സ്ഥാനക്കയറ്റം കൊടുക്കുന്നതും, തന്റെ അധികാരത്തില്‍ പെടുന്നതാണെന്ന് അറിയിച്ച് കെജ്രിവാളിന് ഗവര്‍ണര്‍ മറുപടി നല്‍കി.
ഇത് അംഗീകരിക്കാതെ ലഫ്റ്റന്റ് ഗവര്‍ണര്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചാണ് ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കിയ സര്‍വ്വീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനിംദോ മജുംദാറിനെ പുറത്താക്കാന്‍ കെജ്രിവാള്‍ തയ്യാറായത്.

ഇതോടൊപ്പം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ പ്രസിഡണ്ടിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെജ്രിവാള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.