1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2017

സ്വന്തം ലേഖകന്‍: പട്ടാള അട്ടിമറി, സിംബാബ്‌വെയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, വീട്ടുതടങ്കലിലായ പ്രസിഡന്റ് മുഗാബെയുടെ രാജിക്കായി പട്ടാളത്തിന്റെ സമ്മര്‍ദം. ചൊവ്വാഴ്ച രാത്രി സൈന്യം കസ്റ്റഡിയിലെടുത്ത സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും സൈനിക മേധാവി കോണ്‍സ്റ്റാന്റിനോയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി സംഘവും പങ്കെടുക്കുന്നുണ്ട്. സിവില്‍ ഗ്രൂപ്പുകളും സഭാ നേതൃത്വങ്ങളും ജനങ്ങള്‍ ശാന്തരായി വര്‍ത്തിക്കണമെന്ന് അഭ്യര്‍ഥിച്ചു. മുഗാബെയും ഭാര്യ ഗ്രേസും സൈനിക കസ്റ്റഡിയില്‍ ബ്ലൂഹൗസിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, വീട്ടുതടങ്കലില്‍ കഴിയുന്ന മുഗാബെ രാജിയാവശ്യം തള്ളിയതായും റിപ്പോര്‍ട്ടുണ്ട്.

വൈസ് പ്രസിഡന്റ് എമ്മേഴ്‌സണ്‍ നംഗാവയെ പുറത്താക്കിയതോടെയാണ് രാജ്യത്ത് പ്രതിസന്ധി ഉടലെടുത്തത്. തനിക്കു ശേഷം പ്രസിഡന്റു സ്ഥാനത്തേക്ക് ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന നംഗാവയെ ഭാര്യ ഗ്രേസിനെ അധികാരത്തില്‍ എത്തിക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് മുഗാബെ പുറത്താക്കിയത്. വിമാനത്താവളം, ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പാര്‍ലമെന്റ് മന്ദിരം എന്നിവയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.

ഹരാരെയൊഴികെയുള്ള ഭാഗങ്ങള്‍ ശാന്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, നംഗാവെ ദക്ഷിണാഫ്രിക്കയില്‍നിന്ന് രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ട്. മുഗാബെ പുറത്താക്കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞാഴ്ച അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ അഭയം തേടിയത്. ഉടന്‍ മുഗാബെ അധികാരം നംഗാവക്ക് കൈമാറുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. 37 വര്‍ഷം സിംബാബ്‌വെ ഭരിച്ച റോബര്‍ട്ട് മുഗാബെയുടെയും ഭാര്യയുടേയും ഭാവി ഏറെ വൈകാതെ തീരുമാനിക്കപ്പെടുമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.