1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2019

സ്വന്തം ലേഖകന്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ നിന്നുള്ള മുന്‍ എം.എല്‍.എ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി. പാക്കിസ്ഥാനില്‍ ന്യുനപക്ഷങ്ങള്‍ കൊലചെയ്യപ്പെടുന്നുവെന്ന് ആരോപിച്ചാണ് ഇദ്ദേഹം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐയിലെ പ്രധാന നേതാവും മുന്‍ എം.എല്‍.എയുമായ ബാല്‍ദേവ് കുമാറാണ് രാഷ്ട്രീയ അഭയം തേടി ഇന്ത്യയിലെത്തിയത്.

പാക്കിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകാരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഭൂരിപക്ഷമായ മുസ്ലിങ്ങള്‍ പോലും അവിടെ സുരക്ഷിതരല്ലെന്നും ഇദ്ദേഹം ആരോപിച്ചു. ‘ന്യൂനപക്ഷങ്ങള്‍ മാത്രമല്ല മുസ്ലീങ്ങള്‍ പോലും പാക്കിസ്ഥാനില്‍ സുരക്ഷിതരല്ല. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഞങ്ങള്‍ ഇവിടെ തുടരുന്നത്. ഇന്ത്യയില്‍ അഭയം തരണമെന്ന് സര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. തിരിച്ചു പോകാന്‍ എനിക്ക് കഴിയില്ല’.ബാല്‍ദേവ് കുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു.

ബാരിക്കോട്ടില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു ബാല്‍ദേവ്. കുടുംബത്തോടൊപ്പമാണ് ബാല്‍ദേവ് ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്നത്. ബാല്‍ദേവിന്റെ മണ്ഢലത്തില്‍ നിന്നുള്ള എം.പിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2016 ല്‍ ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ 2018ല്‍ തന്നെ വെറുതെ വിടുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

മോദിയില്‍ നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായും പാക്കിസ്ഥാനില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും ബാല്‍ദേവ് പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം പാക്കിസ്ഥാനില്‍ നടക്കുന്നുണ്ടെന്നും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 3 ന് പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.