1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2018

സ്വന്തം ലേഖകന്‍: ഭാര്യമാരോട് നല്ല ഭക്ഷണമുണ്ടാക്കാന്‍ പറയുന്നതും വീട്ടുജോലികള്‍ ചെയ്യിക്കുന്നതും ഗാര്‍ഹിക പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയോട് നല്ല ഭക്ഷണമുണ്ടാക്കിത്തരാന്‍ പറയുന്നതും വീട്ടുജോലികള്‍ വൃത്തിയായി ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും ഗാര്‍ഹിക പീഡനമാണെന്ന് പറയാന്‍ പറ്റില്ലെന്ന് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ കുടുംബ കലഹത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിനെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് സാരംഗ് കോട്‌വാളിന്റെ നിരീക്ഷണം.

പതിനേഴുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. 1998ല്‍ വിവാഹിതനായ വിജയ് ഷിന്ദേയുടെ ഭാര്യ 2001 ജൂണില്‍ ആത്മഹത്യ ചെയ്തു. പാചകം ചെയ്യാനറിയില്ലെന്നും വീട്ടുജോലി വെടിപ്പായി ചെയ്യുന്നില്ലെന്നും പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും മകളെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. മരണം നടന്ന ദിവസം യുവതിയുടെ മുത്തച്ഛനും ബന്ധുവും വീട്ടിലെത്തിയപ്പോഴും ഇതേച്ചൊല്ലി വഴക്കു നടന്നിരുന്നു. അവരെ പറഞ്ഞ് സമാധാനിപ്പിച്ച് വീട്ടിലെത്തിയപ്പോഴേക്കാണ് ആത്മഹത്യയുടെ വിവരം അറിയുന്നത്.

വിജയ് ഷിന്ദേയ്ക്ക് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും ഭാര്യവീട്ടുകാരുടെ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മരണം നടന്ന ദിവസം വീട്ടുകാര്‍ ആരും പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും പിന്നീട് ആലോചിച്ചുറപ്പിച്ചാണ് കേസു നല്‍കിയതെന്നും ചൂണ്ടിക്കാണിച്ചാണ് കീഴ്‌ക്കോടതി വിജയിനെ വെറുതെ വിട്ടത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിയ ഹൈക്കോടതി ഗാര്‍ഹിക പീഡനം നടന്നതിന് തെളിവൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി. യുവതി ആത്മഹത്യ ചെയ്ത ദിവസം ഉണ്ടായെന്ന് പറയുന്ന വഴക്ക് ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന് പറയാന്‍ പറ്റില്ല. അവിഹിതബന്ധം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് മറ്റു കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.