1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2018

സ്വന്തം ലേഖകന്‍: മോദി പ്രഭാവം മങ്ങുന്നു; ബിജെപിയുടെ കുതിപ്പിന് തടയിട്ട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; തീപാറുന്ന പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ മന്ത്രിസഭ രൂപീകരിക്കാനുറച്ച് കോണ്‍ഗ്രസ്; തിരിച്ചടിയില്‍ പകച്ച് ബിജെപി; ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് മോദി; ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമെന്ന് രാഹുല്‍; രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളില്‍ ജയിച്ചു കയറി സിപിഎം.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും കമല്‍നാഥ് എം.പി അവകാശപ്പെട്ടു. ഇന്ന് നിയമസഭാകക്ഷി യോഗംചേരും. ദിഗ്്വിജയ് സിങ് ഭോപ്പാലില്‍ തുടരും. എ.കെ.ആന്റണിയെ നിരീക്ഷകനായി രാഹുല്‍ ഗാന്ധി നിയോഗിച്ചു. കൂടിക്കാഴ്ചക്ക് അനുമതി ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട 116 എന്ന മാന്ത്രികസഖ്യയിലെത്തിയില്ലെങ്കിലും ബിഎസ്പി , എസ്പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിജയം ഉറപ്പിച്ച 114 സീറ്റുകള്‍ കൂടാതെ ജയിച്ച രണ്ട് സീറ്റുകളും എസ്പി ജയിച്ച ഒരു സീറ്റുമടക്കം 117 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്.

തുടക്കം മുതല്‍ ഒടുക്കം വരെ അനിശ്ചിതത്വവും ആകാംക്ഷയും നിറഞ്ഞ വോട്ടെണ്ണലായിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ഇടവേളകളില്‍ 116 എന്ന മാന്ത്രിക സംഖ്യ തൊട്ട് ഇരു കക്ഷികളും. ഒടുവില്‍ 115 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണ കക്ഷിയായ ബിജെപി 108 സീറ്റുമായി തൊട്ടുപിന്നില്‍. ചിത്രം വ്യക്തമായ പിന്നാലെ രാത്രി 11 മണിയോടെ തന്നെ പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തയച്ചു.

15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചാണ് ഛത്തീസ്!ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. 90 നിയമസഭ മണ്ഡലങ്ങളില്‍ 66 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. നിര്‍ണായക സ്വാധീനമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വന്‍ തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രി രമണ്‍ സിങിന്റെ വികസന കാര്‍ഡ് ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തിയ ബി.ജെ.പിക്ക് ഛത്തീസ്!ഗഢില്‍ കാലിടറി.

2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 10 സീറ്റിന്റെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ഭരണമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. 90 സീറ്റില്‍ 66 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബി.ജെ.പി മുന്നേറ്റം 17 സീറ്റില്‍ മാത്രമാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രൂപീകരിച്ച ബി.എസ്.പി ജനത കോണ്‍ഗ്രസ് സഖ്യത്തിന് 7 സീറ്റില്‍ ലീഡ് ഉണ്ട്.

രാജസ്ഥാനില്‍ തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനം പൂര്‍ണമാകുമ്പോള്‍ 99 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കേവല ഭൂരിപക്ഷത്തിന് 101 സീറ്റു വേണമെന്നിരിക്കെ ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ രണ്ടു സീറ്റു മാത്രം അകലെയാണ് കോണ്‍ഗ്രസ്. ആറു സീറ്റു നേടിയ ബിഎസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഇവിടെ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പായി.

കഴിഞ്ഞ തവണ 21 സീറ്റുകളില്‍ മാത്രം ജയിച്ചിടത്തുനിന്നാണ് കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ മുന്നേറ്റം. അതേസമയം, 163 സീറ്റുമായി വന്‍ ഭൂരിപക്ഷത്തോടെ കഴിഞ്ഞ തവണ അധികാരം പിടിച്ച ബിജെപി ഇക്കുറി 73 സീറ്റിലാണ് വിജയിച്ചത്. മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ വിജയിച്ചെങ്കിലും മന്ത്രിമാരില്‍ പലരും തോല്‍വി രുചിച്ചു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന സച്ചിന്‍ പൈലറ്റും അശോക് ഗേലോട്ടും കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് വിജയിച്ചുകയറി

എന്നാല്‍ വന്‍മുന്നേറ്റം നടത്തിയതിന്റെ ആഹ്ലാദത്തിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി മിസോറമിലെ തിരഞ്ഞെടുപ്പു ഫലം. നാല്‍പതില്‍ 34 സീറ്റും നേടി 2013ല്‍ ഇവിടെ അധികാരം നിലനിര്‍ത്തിയ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി മിസോ നാഷനല്‍ ഫ്രണ്ട് (എംഎന്‍എഫ്) ഇവിടെ ഭരണം ഉറപ്പിച്ചു. മുഴുവന്‍ സീറ്റുകളിലെയും ഫലം വന്നപ്പോള്‍ 26 സീറ്റുകളോടെയാണ് എംഎന്‍എഫ് ഭരണം പിടിച്ചത്. ഇവിടെ കേവല ഭൂരിപക്ഷത്തിന് 21 സീറ്റു മതി. ആകെ അഞ്ചു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരം ഇല്ലാത്ത ഏക സംസ്ഥാനമായി തെലങ്കാന. സംസ്ഥാന ചരിത്രത്തിലെ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 ല്‍ 90 സീറ്റിനടത്തു നേടിയാണ് ടിആര്‍എസ് അധികാരം നിലനിര്‍ത്തിയത്. ടിആര്‍എസിന് വെല്ലുവിളിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മഹാകൂട്ടമി തകര്‍ന്നടിയുന്നതാണ് തെലങ്കാനയില്‍ കണ്ടത്. 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 2 സീറ്റില്‍ ടിഡിപിയും ബിജെപിയും മുന്നിട്ട് നില്‍ക്കുന്നു.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഐഎം വിജയമുറപ്പിച്ചു. ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളിലാണ് മികച്ച ഭൂരിപക്ഷത്തില്‍ സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു. വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വിവിധ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമാണ്. യുവജനങ്ങളും കര്‍ഷകരും ചെറുകിട വ്യാപാരികളുമാണ് കോണ്‍ഗ്രസിന്റെ വിജയത്തിനു പിന്നില്‍. പാര്‍ട്ടിക്കു വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി. ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ പരിശ്രമിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.