1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2015

ബംഗ്ലാദേശി വംശജനായ അമേരിക്കന്‍ ബ്ലോഗറെ മതനിന്ദ ആരോപിച്ച് ധാക്കയില്‍ വെട്ടിക്കൊന്നു. മുക്തോ മോന എന്ന ബ്ലോഗിന്റെ സ്ഥാപകന്‍ അവിജിത് റോയിയെയാണ് ധാക്കയില്‍ അജ്ഞാതര്‍ വടിവാളുകള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. നേരത്തെ തന്റെ ബ്ലോഗിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ റോയിക്ക് മതഭ്രാന്തന്മാരുടെ വധഭീഷണിയുണ്ടായിരുന്നു.

ധാക്കയില്‍ ചോരയില്‍ കുളിച്ച നിലയിലാണ് റോയിയുടെ മൃതദേഹം കണ്ടെത്തിയത്. റോയിയുടെ ഭാര്യക്കും അക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് റോയി മരിച്ചതെന്ന് പോലീസ് പറഞ്ഞു. റോയിയുടെ ഭാര്യയുടെ ഒരു വിരല്‍ അറ്റുപോയിട്ടുണ്ട്.

ഒരു പുസ്തകോത്സവം കഴിഞ്ഞ് സൈക്കിള്‍ റിക്ഷയില്‍ മടങ്ങുമ്പോള്‍ അജ്ഞാതരായ രണ്ട് അക്രമികള്‍ റിക്ഷ തടഞ്ഞ് റോയി ദമ്പതികളെ നടപ്പാതയിലേക്ക് വലിച്ചിട്ട് വാളുകള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ മതേതര, നിരീശ്വര വാദ ആശയങ്ങള്‍ മുന്നോട്ടു വക്കുന്ന ബ്ലോഗര്‍മാര്‍ക്കും എഴുത്തുകാര്‍ക്കും എതിരെയുള്ള മുസ്ലീം മത ഭ്രാന്തന്മാരുടെ ഭീഷണി വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബ്ലോഗറും 2004 നു ശേഷം അക്രമിക്കപ്പെടുന്ന നാലമത്തെ എഴുത്തുകാരനും കൂടിയാണ് റോയി.

കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും വരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുമെന്ന് ബംഗ്ലാദേശ് ബ്ലോഗേര്‍സ് അസോസിയേഷന്‍ അദ്ധ്യക്ഷന്‍ ഇമ്രാന്‍ സര്‍ക്കാര്‍ അറിയിച്ചു.

നേരത്തെ നിരീശ്വര വാദിയായ ബ്ലോഗര്‍ അഹമ്മദ് രജീബ് ഹൈദറെ ഒരു മുസ്ലീം തീവ്രവാദി ഗ്രൂപ്പ് സമാനമായ രീതിയില്‍ വെട്ടി കൊലപ്പെടുത്തിയിരുന്നു. മുസ്ലീം ജനസംഖ്യയില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ബംഗ്ലാദേശ്. രാജ്യത്തെ ജനസംഖ്യയുടെ 90% മുസ്ലീങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.