1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2017

സ്വന്തം ലേഖകന്‍: ദളിതര്‍ക്കെതിരായ അക്രമം, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനുമായി വാക്‌പോരു നടത്തിയ മായാവതി എംപി സ്ഥാനം രാജിവച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി. രാജ്യത്തെ ദളിത് പീഡനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അനുവദിച്ചില്ല എന്നാരോപിച്ചാണ് രാജി പ്രഖ്യാപിച്ച് സഭയില്‍നിന്ന് മായാവതി ഇറങ്ങിപ്പോയത്. തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു.

യുപിയിലെ സഹാരന്‍പുരില്‍ ദളിതരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും മായാവതി രാജ്യസഭയില്‍ ആരോപിച്ചു. സബ് മിഷന്‍ ഉന്നയിക്കാനുള്ള സമയവും കഴിഞ്ഞ് മൂന്ന് മിനിട്ട് പിന്നിട്ടപ്പോള്‍ പ്രസംഗം ചുരുക്കണമെന്ന് ഉപാധ്യക്ഷനായ പി. ജെ. കുര്യന്‍ ആവശ്യപ്പെട്ടു. ഇതോടെ മായാവതി ഉപാധ്യക്ഷനെതിരെ തിരിഞ്ഞു. ‘സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ രാജിവെയ്ക്കും. ഞാന്‍ ഇപ്പോള്‍ത്തന്നെ തിരിച്ചുവന്ന് രാജിസമര്‍പ്പിക്കും,’ മായാവതി ഭീഷണിപ്പെടുത്തി.

വിഷയം ചര്‍ച്ച ചെയ്യാം, പ്രസംഗിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് കുര്യന്‍ വിശദീകരിച്ചു. ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കിയാല്‍ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടാം. എന്നാല്‍ പ്രസംഗം നടത്താനാകില്ല. അധ്യക്ഷനോ ഉപാധ്യക്ഷനോ സര്‍ക്കാരോ നോട്ടീസ് അംഗീകരിച്ചാല്‍ മാത്രമേ ചര്‍ച്ച ചെയ്യാനും സാധിക്കുകയുള്ളു. കൂര്യന്‍ ചൂണ്ടിക്കാട്ടി.

വിശദീകരണത്തില്‍ തൃപ്തയാകാതെ മായാവതി ഉപാധ്യക്ഷനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. കോണ്‍ഗ്രസ് നേതാവായ കുര്യന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതും സഭയിലെ കൗതുകമായി. പ്രതിപക്ഷത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്നും ചര്‍ച്ച അനുവദിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിമര്‍ശിച്ചു. മായാവതിക്ക് പിന്തുണയുമായി കോണ്‍ഗ്രസും സഭ ബഹിഷ്‌കരിച്ചു.

ഏപ്രിലിലാണ് മായാവതിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. 18 സീറ്റ് മാത്രമാണ് യുപിയില്‍ ഇത്തവണ ബിഎസ്പിക്കുള്ളത്. മായാവതി വീണ്ടും രാജ്യസഭയില്‍ എത്തണമെങ്കില്‍ കോണ്‍ഗ്രസോ സമാജ്‌വാദി പാര്‍ട്ടിയോ കനിയണം. മായാവതി സഭയെ അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നും ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.