1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2017

സ്വന്തം ലേഖകന്‍: ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരാക്രമണം, ആക്രമികള്‍ 23 യാത്രക്കാരെ വെടിവെച്ചു കൊന്നു. ഈജിപ്തിലെ മിന്യ പ്രവിശ്യയില്‍ ബസിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് 23 പേര്‍ കൊല്ലപ്പെടുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സെന്റ് സാമുവല്‍ സന്ന്യാസി മഠത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈജിപ്തില്‍ ക്രിസ്തുമത വിശ്വാസികളായ ന്യൂനപക്ഷത്തിനെതിരെ അടുത്തിടെയായി ആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ഏപ്രിലില്‍ തണ്ട, അലക്‌സാണ്ട്രിയ നഗരങ്ങളിലെ രണ്ട് ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടനങ്ങളില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. 2016 ഡിസംബറില്‍ കെയ്‌റോയിലെ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 25 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മിന്യയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. അക്രമിയെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇത്തരത്തില്‍ ക്രിസ്തുമത വിശ്വാസികള്‍ക്ക് നേരെ ഐസിസ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ മിന്യ ആക്രമണത്തിന് പിന്നിലും ഐസിസ് ആയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന നിഗമനത്തിലാണ് പോലീസ്.

ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിട്ടും ഫ്രാന്‍സിസ് പാപ്പായുടെ ഈജിപ്ത് സന്ദര്‍ശനം മുടങ്ങിയിരുന്നില്ല. അതിനാല്‍ ആക്രമണങ്ങള്‍ രൂക്ഷമാക്കിയായിരിക്കും ഐഎസ് പ്രതികരിക്കുക എന്നും വിലയിരുത്തപ്പെടുന്നു. തന്റെ ഈജിപ്ത് സന്ദര്‍ശനത്തിനിടക്ക് അല്‍അസ്ഹര്‍ സര്‍വ്വകലാശാലയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ തീവ്രവാദത്തെ അപലപിച്ചിരുന്നു. ക്രിസ്ത്യാനികളുമായി സൗഹാര്‍ദ്ദത്തില്‍ ജീവിക്കുവാന്‍ പാപ്പാ മുസ്ലീംകളോട് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.