1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2017

സ്വന്തം ലേഖകന്‍: വിദേശികള്‍ക്ക് ഏറെ ഗുണകരമായിരുന്ന താത്ക്കാലിക തൊഴില്‍ വിസ ഓസ്‌ട്രേലിയ നിര്‍ത്തലാക്കി, ലക്ഷ്യം സ്വദേശിവല്‍ക്കരണം, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 457 വിസ പദ്ധതി യാതൊരു വിധ അറിയിപ്പുകളുമില്ലാതെ ഓസ്‌ട്രേലിയ നിര്‍ത്തലാക്കിയിരിക്കുന്നത്. നാല് വര്‍ഷം വരെ താത്ക്കാലികമായി ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന വീസയാണിത്.

95000 വിദേശ തൊഴിലാളികള്‍ 457 വിസയില്‍ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരിലേറെയും ഇന്ത്യാക്കാരാണ്. യുകെയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയാണ് ഈ വിസ കൂടുതലായും ഉപയോഗിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഓസ്‌ട്രേലിയയുടെ അപ്രതീക്ഷിത നീക്കം. രാജ്യ താല്‍പ്പര്യം മുന്‍ നിര്‍ത്തി താല്‍ക്കാലിക തൊഴില്‍ വിസ പദ്ധതി റദ്ദാക്കുകയാണെന്നാണ് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ പ്രഖ്യാപിച്ചത്.

തങ്ങളുടേത് കുടിയേറ്റ രാജ്യമാണെങ്കിലും തൊഴിലുകളില്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നുളളതു കൊണ്ടാണ് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതെന്നും മാല്‍കോം ടേണ്‍ബുള്‍ പറഞ്ഞു. 457 വിസകളിലെത്തിയവരെ ഇനി മുതല്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റദ്ദാക്കിയ വിസ പദ്ധതിക്ക് പകരം മറ്റൊന്ന് ഉടനെ തന്നെ തുടങ്ങും. അനുവദിക്കാവുന്ന തൊഴിലവസരങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കും.

മാത്രമല്ല പുതിയ വിസ അനുവദിക്കണമെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. ക്രിമിനല്‍ പശ്ചാത്തലം പാടില്ല. ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം അടക്കം നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റത്തെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.