1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2016

സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, പോളിംഗ് അവസാനിച്ചപ്പോള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന് സൂചന. യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ കരുത്തു നേടുന്ന സമകാലിക സാഹചര്യങ്ങള്‍ പിന്തുടര്‍ന്ന് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി അധികാരം പിടിക്കുമെന്നാണ് സൂചന.

ഞായറാഴ്ചയാണ് ഓസ്ട്രിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട പോളിംഗ് അവസാനിച്ചത്. ഒന്നാം ഘട്ടത്തില്‍ 35 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയ ഫ്രീഡം പാര്‍ട്ടി നേതാവ് നോബര്‍ട്ട് ഹോഫര്‍ രണ്ടാം ഘട്ടത്തിലും ജയിച്ചു കയറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍ പാര്‍ട്ടിയിലെ അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ബല്ലന്‍ ആണ് ഹോഫറുടെ ഏക പ്രതിയോഗി. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 21 ശതമാനം വോട്ടുകള്‍ മാത്രമാണ് അലക്‌സാണ്ടര്‍ നേടിയത്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മുഖ്യധാരാ പാര്‍ട്ടികള്‍ ഇല്ലാതെ നടക്കുന്ന പ്രഥമ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നതാണ് ഈ പോളിങ്ങിന്റെ സവിശേഷത. കുടിയേറ്റം മുഖ്യവിഷയമായി ഉന്നയിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഫ്രീഡം പാര്‍ട്ടിയുടെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്ക് ഓസ്ട്രിയന്‍ ജനത പിന്തുണ നല്‍കുന്നതായാണ് ആദ്യ ഘട്ട ഫലങ്ങള്‍ നല്‍കുന്ന സൂചന.

9000 അഭയാര്‍ഥികളെ സ്വീകരിച്ച ഓസ്ട്രിയന്‍ സര്‍ക്കാരിനെ രൂക്ഷമായ വിമര്‍ശങ്ങളുമായി നേരിട്ട ഫ്രീഡം പാര്‍ട്ടി വിദേശ കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന നിര്‍ദേശവും ഉന്നയിക്കുകയുണ്ടായി. പ്രസിഡന്റ് പദവിക്ക് ഭരണഘടനയില്‍ ആലങ്കാരികസ്ഥാനം മാത്രമാണുള്ളത്. എന്നാല്‍, മന്ത്രിസഭയെ പുറത്താക്കാന്‍ അധികാരമുള്ളതിനാല്‍ ഫ്രീഡം പാര്‍ട്ടിയുടെ മുന്നേറ്റം മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.