1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2017

സ്വന്തം ലേഖകന്‍: അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ തന്നെ ബാബരി മസ്ജിദ് നിര്‍മ്മിക്കണം എന്നില്ലെന്ന് ഷിയാ വഖ്ഫ് ബോര്‍ഡ്. രാമ ക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെയായി മുസ്!ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് മസ്ജിദ് നിര്‍മ്മിച്ചാല്‍ മതിയെന്ന് സുപ്രീം കോടതിയില്‍ ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് സത്യവാങ്മൂലം നല്‍കി. ബാബരി മസ്ജിദ് വിഷയത്തില്‍ സുന്നി ഷിയാ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത അഭിപ്രായ ഭിന്നത എടുത്തുകാണിക്കുന്നതായിരുന്നു സുപ്രീം കോടതിയില്‍ ഷിയാ വഖഫ് ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലം.

കേസില്‍ കക്ഷി ചേര്‍ന്ന ശേഷമായിരുന്നു ബോര്‍ഡ് കോടതിയില്‍ അഭിപ്രായം അറിയിച്ചത്. ബാബറിന്റെ കാലത്ത് ഷിയാ വിഭാഗമായിരുന്നു പള്ളി നിര്‍മ്മിച്ചതെന്നും അതുകൊണ്ടുതന്നെ പള്ളിയുടെ അവകാശം ഷിയാ വിഭാഗത്തിനാണെന്നാണ് സത്യവാങ്മൂലത്തിലെ വാദം. പ്രാര്‍ത്ഥന നടത്താനാണ് സുന്നി വിഭാഗത്തിലെ ഇമാമിനെയും ജീവനക്കാരനെയും നിയമിച്ചത്. ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത് ഷിയാ വിഭാഗമാണെന്നും അവകാശപ്പെടുന്നു.

ഇപ്പോഴത്തെ തര്‍ക്കം പരിഹരിക്കാന്‍ ഷിയാ വിഭാഗം സന്നദ്ധമാണ്. നിലവില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ പള്ളി നിര്‍മ്മിക്കണമെന്നില്ല. പകരം തര്‍ക്ക സ്ഥലത്ത് നിന്ന് കുറച്ച് മാറി മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് പള്ളി നിര്‍മ്മിച്ചാല്‍ മതിയെന്നാണ് ഷിയാ വഖഫ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. രാമക്ഷേത്രവും മുസ്‌ലിം പളളിയും ഒരു സ്ഥലത്ത് ഉണ്ടായാല്‍ അത് സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.

അയോധ്യ തര്‍ക്കം പരിഹരിക്കാന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. 16 ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബ്‌റി മസ്ജിദ് 1992 ല്‍ നൂറ് കണക്കിന് കര്‍സേവകര്‍ ചേര്‍ന്ന് തകര്‍ത്തതിനെ തുടര്‍ന്നാണ് കേസിന്റെ തുടക്കം. ഇത് ഹൈന്ദവ വിശ്വാസ പ്രകാരം ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന ന്യായവാദം ഉന്നയിച്ചായിരുന്നു പള്ളിക്കെതിരായ ആക്രമണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.