1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2019

സ്വന്തം ലേഖകന്‍: കേരളത്തെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നെഹ്‌റു ട്രോഫി വള്ളംകളിയുടെ വേദിയില്‍ വച്ചാണ് സച്ചിന്‍ കേരളത്തെ കുറിച്ച് സംസാരിച്ചത്. ‘നമസ്‌കാരം കേരള’ എന്ന് പറഞ്ഞാണ് സച്ചിന്‍ പ്രസംഗം ആരംഭിച്ചത്. പിന്നീട് കേരളത്തെ കുറിച്ച് അദ്ദേഹം വാചാലനായി.

വളരെ ആകാംക്ഷയോടെയാണ് താന്‍ ഇവിടെ ആയിരിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. കേരളത്തില്‍ എത്തിയപ്പോഴെല്ലാം വലിയ സ്‌നേഹവും കരുതലും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സച്ചിന്‍ ഓര്‍ത്തു. ‘ഇന്ന് ഇവിടെ എത്തിയപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് ലഭിച്ചത്.’ കൈകള്‍ ഇല്ലാത്ത പ്രണവ് എന്ന യുവാവ് സമ്മാനിച്ച ചിത്രം ഉയര്‍ത്തികാണിച്ച് സച്ചിന്‍ പറഞ്ഞു. പ്രണവ് കാല്‍ വിരലുകള്‍ കൊണ്ട് വരച്ച ചിത്രമാണിതെന്നും സച്ചിന്‍ പ്രസംഗത്തില്‍ പറഞ്ഞു.

‘കേരളം കഴിഞ്ഞ ഏതാനും നാളുകളില്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. പ്രകൃതി ദുരത്തെ തുടര്‍ന്ന് കേരളം പ്രതിസന്ധിയിലായി. കുറേ നഷ്ടങ്ങളുണ്ടായി. എന്നാല്‍, എല്ലാ പ്രതിസന്ധികളെയും ആത്മധൈര്യം കൊണ്ടും മനക്കരുത്ത് കൊണ്ടും മലയാളികള്‍ മറികടന്നു. ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായിരിക്കുന്നു.’സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

‘കേരളത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ എത്തിയിട്ടുണ്ട്. എല്ലാ കായിക ഇനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നവരാണ് കേരളത്തിലുള്ളത്. വള്ളംകളി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക കേരളമാണ്. ഇത് സംഘടിപ്പിച്ച എല്ലാവരെയും അനുമോദിക്കുന്നു’ – ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.

‘ജയിക്കാന്‍ വേണ്ടി കുറുക്കുവഴികള്‍ തേടരുത്. എല്ലാവര്‍ക്കും വിജയികളാകാന്‍ സാധിക്കില്ല. വിജയികളാകാന്‍ വേണ്ടി ആരെയും ചതിക്കരുത്. നന്നായി പരിശീലിക്കുക, പ്രയത്‌നിക്കുക എന്നിട്ട് വിജയിക്കാനായി പോരാടുക. ജയിക്കാന്‍ കുറുക്കുവഴികള്‍ തേടരുത്. തോറ്റാല്‍ തിരിച്ചുവരിക, വീണ്ടും പ്രയത്‌നിക്കുക. മാന്യമായ വഴികളിലൂടെയായിരിക്കണം വിജയിക്കാന്‍ പരിശ്രമിക്കേണ്ടത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിന്റെ അവസാനം മലയാളത്തില്‍ ‘നന്ദി, നമസ്‌കാരം’ എന്ന് പറഞ്ഞാണ് സച്ചിന്‍ കേരളത്തെ കയ്യിലെടുത്തത്. 67ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടനാണ് ജേതാക്കള്‍. പളളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റേതാണ് നടുഭാഗം ചുണ്ടന്‍. കഴിഞ്ഞ കൊല്ലവരും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു ജേതാക്കളായത്. ചമ്പക്കുളം ചുണ്ടന് രണ്ടാം സ്ഥാനം. കാരിച്ചാല്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പൊലീസ് ബോട്ട് ക്ലബ് വകയാണ് കാരിച്ചാല്‍ ചുണ്ടന്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.