1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2017

സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് കേസ്, അദ്വാനിയും ജോഷിയും ഉമാ ഭാരതിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി, ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വനണി, മുരളി മനോഹര്‍, ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഗൂഢാലോചന കുറ്റം തള്ളിക്കളഞ്ഞ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.

അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സി.ബി.ഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടു വര്‍ഷത്തിനുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണം. സാക്ഷികളെയെല്ലാം എല്ലാ ദിവസവും കോടതിയില്‍ എത്തിക്കണം. ഒരു ദിവസം പോലും മാറ്റിവയ്ക്കാന്‍ പാടില്ല. ജഡ്ജിമാരെയും ഉദ്യോഗസ്ഥരേയും സ്ഥലംമാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ല. ഗൂഢാലോചന കേസും ആക്രമണക്കേസും ഒരു കോടതിയില്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മസ്ജിദ് പൊളിച്ച സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറാണ്. ഭരണഘടനാ പരിപക്ഷ ലഭിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം നിലവില്‍ വിചാരണ നേരിടേണ്ടതില്ല. പദവിയൊഴിയുമ്പോള്‍ വിചാരണ നേരിടണം. കേസില്‍ റായ്ബറേലി കോടതിയിലേക്ക് മാറ്റണമെന്ന അദ്വനിയുടെ വാദവും കോടതി തള്ളി. ലഖ്‌നൗ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടത്.

മുതിര്‍ന്ന ബിജെപി നേതാക്കളുടെ രാഷ്ടീയ ഭാവിക്കുമേല്‍ ഇരുള്‍ വീഴ്ത്തുന്നതാണ് വിധി. ജൂണില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടുവയ്ക്കാന്‍ ഏറെ സാധ്യത കല്പിച്ചിരുന്ന പേരായിരുന്ന എല്‍.കെ അദ്വാനിയുടേത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എം.എം ജോഷിയും പാര്‍ട്ടിയുടെ പരിഗണനയ്ക്ക് വരുമെന്ന് സൂചനുണ്ടായിരുന്നു. നിലവില്‍ കേന്ദ്രമന്ത്രിയായ ഉമാ ഭാരതിയുടെ പദവിയും ഇതോടെ ആശങ്കയുടെ നിഴലിലായി.

അതേസമയം ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കെതിരായ കോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗൂഢാലോചനയെന്ന ഗുരുതര ആരോപണവുമായി ലാലു പ്രസാദ് യാദവ് രംഗത്തെത്തി. സി.ബി.ഐ പ്രധാനമന്ത്രിയുടെ കയ്യിലാണ്. ഇതിലൂടെ അദ്വാനി രാഷ്ട്രപതിയാകാനുള്ള സാധ്യതയാണ് പ്രധാനമന്ത്രി ഇല്ലാതാക്കിയതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. അദ്വാനി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാനുള്ള മോഡി സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് ഇതെന്ന് ആര്‍ക്കും മനസിലാകുമെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടത്. സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ച് അയോധ്യയില്‍ പ്രവേശിച്ച ലക്ഷക്കണക്കിന് കര്‍സേവര്‍ പള്ളി തകര്‍ക്കുകയായിരുന്നു. സ്ഥലത്ത് വേദി നിര്‍മ്മിച്ച് അദ്വാനി അടക്കമുള്ള നേതാക്കള്‍ പ്രസംഗിച്ചുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 25 വര്‍ഷമായി നടക്കുന്ന നിയമ പോരാട്ടമാണ് സുപ്രീം കോടതി വിധിയോടെ വീണ്ടും സജീവമായിരിക്കുന്നത്. ബി.ജെ.പി, സംഘപരിവാര്‍ നേതൃത്വത്തിലെ 21 പേര്‍ക്കെതിരെയാണ് സിബിഐ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നത്. ഇവരില്‍ എട്ടു പേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.