1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2018

സ്വന്തം ലേഖകന്‍: ചൈനയില്‍ നാലു വര്‍ഷം മുമ്പ് മരിച്ച അച്ഛനമ്മമാര്‍ക്ക് കുഞ്ഞ് ജനിച്ചു. 2013 ല്‍ കാറപകടത്തില്‍ മരണപ്പെടുന്നതിനു മുമ്പ് മാതാപിതാക്കളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ച് ഭ്രൂണമായി ശീതീകരിച്ചു സൂക്ഷിച്ചിരുന്നു. ഇരുവരും വന്ധ്യത നിവാരണ ചികിത്സക്കായി സമീപിച്ച കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലെ ആശുപത്രിയിലാണ് ഭ്രൂണം സൂക്ഷിച്ചത്.

ദമ്പതികള്‍ മരിച്ചതോടെ അവരുടെ മാതാപിതാക്കള്‍ ഈ ഭ്രൂണം ഉപയോഗിക്കാനുള്ള അവകാശത്തിനായി പോരാടി.ദ്രവാവസ്ഥയിലുള്ള നൈട്രജന്‍ നിറച്ച ടാങ്കില്‍ മൈനസ് 196 ഡിഗ്രി സെല്‍ഷ്യസിലായിരുന്നു ഭ്രൂണം സൂക്ഷിച്ചത്. മരിച്ചുപോയ ദമ്പതികളുടെ മാതാപിതാക്കള്‍ക്ക് ഭ്രൂണം കൈമാറാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, ചൈനയില്‍ വാടക ഗര്‍ഭധാരണം നിരോധിച്ചത് വന്‍ തിരിച്ചടിയായി.

അതിനാല്‍ മറ്റൊരു രാജ്യത്തെ സമീപിക്കുകയായിരുന്നു ഏക പോംവഴി. അങ്ങനെയാണ് അവര്‍ ലാവോസിലെ വാടകഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഏജന്‍സിയെ സമീപിച്ചത്. എന്നാല്‍, ദ്രവാവസ്ഥയിലുള്ള നൈട്രജന്‍ സൂക്ഷിച്ച ബോട്ടിലുമായി യാത്രചെയ്യാന്‍ വിമാനങ്ങള്‍ തയാറായില്ല. അതിനാല്‍, പ്രത്യേകം സജ്ജീകരിച്ച ഭ്രൂണമടങ്ങിയ പെട്ടിയുമായി കാര്‍ വഴിയാണ് അവര്‍ ലാവോസിലെത്തിയത്.

അവിടെയെത്തി വാടക അമ്മയെ കണ്ടെത്തി അവരുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചു. 2017 ഡിസംബറില്‍ ടിയാന്‍ഷ്യന്‍ എന്ന ആണ്‍കുഞ്ഞ് പിറവിയെടുത്തു. കുഞ്ഞിന്റെ പൗരത്വവും പിതൃത്വവും പ്രശ്‌നമായിരുന്നു. ഡി.എന്‍.എ പരിശോധന നടത്തി മുത്തശ്ശി, മുത്തശ്ശന്മാര്‍ തങ്ങളുടെ പേരക്കുട്ടിയുടെ പിതൃത്വം തെളിയിക്കുകയും ചെയ്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.