1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2016

സ്വന്തം ലേഖകന്‍: സ്വകാര്യ മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ശുപാര്‍ശ. സംവരണം യാഥാര്‍ഥ്യമാക്കാന്‍ നിയമ നിര്‍മാണം വേണമെന്നും കമീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സഹകരണ മേഖലയും സന്നദ്ധജീവകാരുണ്യ സംഘടനകളും ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെല്ലാം 27 ശതമാനം സംവരണം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് വി. ഈശ്വരയ്യ അധ്യക്ഷനായ കമീഷന്‍ സാമൂഹികനീതി മന്ത്രാലയത്തിനും പേഴ്‌സനല്‍ മന്ത്രാലയത്തിനുമാണ് ശിപാര്‍ശ നല്‍കിയത്.

പട്ടിക ജാതിവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കുപുറമെ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തണമെന്ന് കമീഷന്‍ നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍സാധ്യതകള്‍ കുറഞ്ഞുവരവെ പാര്‍ശ്വവത്കൃത സമൂഹങ്ങളെ ശാക്തീകരിക്കേണ്ടത് സ്വകാര്യമേഖലയുടെ കടമയാണെന്ന് കമീഷന്‍ അംഗം ഷഖീലുസ്സമാന്‍ അന്‍സാരി അഭിപ്രായപ്പെട്ടു.

ഒരു പതിറ്റാണ്ടായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാളേറെ തൊഴിലവസരങ്ങള്‍ സ്വകാര്യ മേഖലയിലാണുള്ളത്. പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി മുന്‍ സര്‍ക്കാറുകള്‍ മുന്നോട്ടുവെച്ച നയങ്ങള്‍ സ്വകാര്യമേഖല പാലിക്കുന്നില്ല. ശിപാര്‍ശ നടപ്പാക്കപ്പെട്ടാല്‍ നിലവില്‍ സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്നുനില്‍ക്കുന്നവരും രാഷ്ട്രീയസ്വാധീനമുള്ളവരും കൈയടക്കിവെച്ചിരിക്കുന്ന ഉദ്യോഗമേഖലകളിലേക്ക് പിന്നാക്ക സമൂഹങ്ങള്‍ക്കും പ്രവേശം ലഭിക്കും.

രാജ്യത്ത് വന്‍ പരിവര്‍ത്തനങ്ങള്‍ക്കും വഴിയൊരുങ്ങും.
ജോലിക്ക് അപേക്ഷിച്ചവര്‍ യോഗ്യരെങ്കില്‍പോലും ജാതിയും മതവും നോക്കിയാണ് പല സ്വകാര്യ കമ്പനികളും ജീവനക്കാരെ നിയമിക്കുന്നത്. ജോലിക്കപേക്ഷിച്ച ഒരേ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് മുസ്ലിംകളെയും ദലിതുകളെയും തെരഞ്ഞുപിടിച്ച് ഒഴിവാക്കുന്ന സംഭവങ്ങളും നിരവധിയുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.