1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2016

സ്വന്തം ലേഖകന്‍: ബലൂചിസ്താന്‍ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ച് പുതിയ സമരമുഖം തുറക്കാന്‍ ഇന്ത്യ, മുഖം തിരിച്ച് പാകിസ്താന്‍. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ബലൂചിസ്താനില്‍ മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ പാക് ഭരണകൂടവും സൈന്യവും തയാറാകണമെന്ന് ഇന്ത്യ യുഎന്‍ മനുഷ്യാവകാശ സമിതിയുടെ 33 ആം സമ്മേളനത്തില്‍ ആവശ്യം ഉന്നയിച്ചു.

എന്നാല്‍ ബലൂചിസ്താനെ കുറിച്ചോ കശ്മീരിനെ കുറിച്ചോ പ്രതിപാദിക്കാതെയായിരുന്നു ഇതിനുള്ള പാക് പ്രതിനിധിയുടെ മറുപടി.കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ നിലപാടിനുള്ള മറുപടിയെന്ന നിലയിലാണ് ബലൂചിസ്താന്‍ വിഷയം ഇന്ത്യ രാജ്യാന്തര വേദികളില്‍ ഉയര്‍ത്തുന്നത്.

മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കുന്നതിനു മുന്‍പ് സ്വന്തം രാജ്യത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് പാകിസ്താന്‍ ആദ്യം ചെയ്യേണ്ടതെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി അജിത് കുമാര്‍ ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തിലേയും പാക് അധിനിവേശ കശ്മീരിലേയും ക്രമസമാധാന പ്രശ്‌നങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പരിഹരിക്കുന്നതിനാണ് പാകിസ്താന്‍ അവരുടെ ഊര്‍ജം ചെലവഴിക്കേണ്ടതെന്നും ഇന്ത്യ ഓര്‍മിപ്പിച്ചു.

ബലൂചിസ്താനില്‍ ഉള്‍പ്പെടെ രാജ്യവ്യാപകവുമായ മനുഷ്യാവകാശ ലംഘനങ്ങളാണ് പാകിസ്താന്റെ ഏറ്റവും വലിയ പ്രത്യേകത. ജമ്മു കശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീര്‍ എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

നേരത്തെ ബലൂചിസ്താന്‍ വിഷയത്തില്‍ യുഎസ് പാകിസ്താന് പരസ്യ പിന്തുണ നല്‍കിയത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. പാക്കിസ്ഥാന്റെ ഐക്യവും സമന്വയവും തകര്‍ക്കുന്ന ഒന്നും ചെയ്യില്ലെന്നാണ് അമേരിക്കന്‍ വക്താവ് ജോണ്‍ കിര്‍ബി ഉറപ്പു നല്‍കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ സമരപോരാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതോട് പ്രതികരിക്കുകയായിരുന്നു കിര്‍ബി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.