1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2015

സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം യുഎസ്, ക്യൂബ നയതന്ത്രബന്ധം പൂര്‍ണമായി പുനരാരംഭിക്കുന്നതിനു വഴിയൊരുക്കി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോക്ക് കൈ കൊടുത്തു. പനാമയില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിയിലായിരുന്നു സൗഹൃദത്തിന്റെ ഹസ്തദാനം.

ഉച്ചകോടിക്കു മുന്നോടിയായി ഒബാമയും കാസ്‌ട്രോയും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ക്യൂബ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്‌റിഗസും ആദ്യവട്ട ഉന്നതതല ചര്‍ച്ചയും ഉച്ചകോടിക്കു മുന്‍പേ നടത്തി. യുഎസിനും ക്യൂബയ്ക്കും ഇടയിലുള്ള അവിശ്വാസത്തിന്റെ മൂടല്‍മഞ്ഞു മെല്ലെ നീങ്ങിത്തുടങ്ങിയ പ്രതീതിയാണു കെറി, റോഡ്‌റിഗസ് ചര്‍ച്ച സൃഷ്ടിച്ചത്.

57 വര്‍ഷം മുന്‍പു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡലെസും ക്യൂബന്‍ വിദേശകാര്യമന്ത്രി ഗോണ്‍സാലോ ഗ്യുയെലും തമ്മില്‍ വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ആദ്യ മന്ത്രിതല ഔപചാരിക ചര്‍ച്ചയാണിത്. തീവ്രവാദ പിന്തുണയുടെ പേരിലുള്ള കരിമ്പട്ടികയില്‍ നിന്നു ക്യൂബയെ ഒഴിവാക്കാന്‍ യുഎസ് ആഭ്യന്തരവകുപ്പു കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉച്ചകോടി വേദിയില്‍ ഒബാമ നിര്‍വഹിക്കുമെന്നാണു സൂചന.

ക്യൂബയില്‍ യുഎസ് പിന്തുണയുള്ള ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിന് അറുതിയായ 1959 ജനുവരി ഒന്നുമുതല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ വരെ വര്‍ഗശത്രുക്കളായി കഴിയുകയായിരുന്നു ഇരുരാജ്യങ്ങളും. ചെഗുവേരയുടെയും ഫിഡല്‍ കാസ്‌ട്രോയുടെയും നേതൃത്വത്തില്‍ 25 മാസം നീണ്ട ഗറില യുദ്ധത്തിനൊടുവില്‍ ക്യൂബന്‍ വിപ്ലവം പൂവണിഞ്ഞപ്പോള്‍ അമേരിക്കകളുടെ രാഷ്ട്രീയ ഭൂപടംതന്നെ മാറിപ്പോയി.

വിപ്ലവാനന്തരം, 1959 ഏപ്രിലില്‍ അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണും ക്യൂബന്‍ പ്രധാനമന്ത്രി ഫിഡല്‍ കാസ്‌ട്രോയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ഏറെ താമസിയാതെതന്നെ ബന്ധം വഷളാവുകയും നയതന്ത്ര ബന്ധം അറ്റു പോകുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.