1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2017

സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ആക്രമണം, നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി, കൂടുതല്‍ ഭീകരര്‍ക്കായി വലവിരിച്ച് സ്പാനിഷ് പോലീസ്. ഇദ്‌രീസ് അല്‍കബീര്‍, മുഹമ്മദ് അഅ്‌ല, സാലിഹ് അല്‍ കബീര്‍, മുഹമ്മദ് ഹൗലി ചെമല്‍ എന്നിവരെയാണ് മഡ്രിഡ് കോടതി ജഡ്ജി ഫെര്‍ണാണ്ടോ ആന്‍ഡ്രൂവിന്റെ മുന്നില്‍ ഹാജരാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പ്രതികളുടെ പേരുകള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൂന്നു പേരെ കറ്റാലന്‍ നഗരമായ റിപോളില്‍നിന്നും ഒരാളെ ആല്‍സനറില്‍നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മധ്യ ബാഴ്‌സലോണയിലെ തിരക്കേറിയ ലാസ് റാംബ്‌ലാസ് നഗരത്തിലെ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറ്റി 14 പേരെ കൊലപ്പെടുത്തിയ ഭീകരനെ കാറ്റലോണിയ പൊലീസ് കഴിഞ്ഞ ദിവസം വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. അഞ്ചു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. 22കാരനായ യൂനുസ് അബൂ യഅ്ഖൂബാണ് കൊല്ലപ്പെട്ടത്. നഗരത്തില്‍നിന്ന് ബാഴ്‌സലോണക്കു സമീപമുള്ള ഗ്രാമീണ മേഖലയിലേക്ക് ഇയാള്‍ കടന്നിരുന്നു. സ്‌ഫോടകവസ്തുക്കളുമായി പൊലീസിനെ ഭീഷണിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളെ കൊലപ്പെടുത്തിയത്. റോബോട്ടിനെ ഉപയോഗിച്ചാണ് ബോംബ് സ്‌ക്വാഡ് മൃതദേഹം ആദ്യം പരിശോധിച്ചത്.

കാറ്റലോണിയ പൊലീസ് ചൊവ്വാഴ്ച പേര് വെളിപ്പെടുത്താതെ പ്രതിയുടെ ചിത്രം ട്വിറ്ററില്‍ പുറത്തുവിട്ടിരുന്നു. പിന്നീട് പ്രതിയുടെ പേര് യൂനുസ് അബൂ യഅ്ഖൂബാെണന്ന് കാറ്റലോണിയ ആഭ്യന്തരമന്ത്രി ജാക്വിം ഫോന്‍ പ്രാദേശിക റേഡിയോയോട് പറഞ്ഞു. സംഭവശേഷം പ്രതി സ്പാനിഷ് പൗരനെ കുത്തിവീഴ്ത്തി കാറുമായി കടന്നിരുന്നു. കാര്‍ ദേസ്‌വേണിനടുത്ത് സാന്റില്‍ വ്യാഴാഴ്ച രാത്രി കണ്ടെത്തി. അബൂ യഅ്ഖൂബാണെന്ന് സംശയിക്കുന്ന വ്യക്തി ലാസ് റാംബല്‍സിനു സമീപം ലാ ബുഖോറിയ മാര്‍ക്കറ്റില്‍ നില്‍ക്കുന്ന ചിത്രം തിങ്കളാഴ്ച സ്പാനിഷ് പത്രമായ എല്‍ പൈയ്‌സ് പ്രസിദ്ധീകരിച്ചിരുന്നു.

സംഭവത്തില്‍ റിപ്പോള്‍ പട്ടണത്തിലെ മുന്‍ ഇമാം അബ്ദുല്‍ബാഖി എസ് സാത്തിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. സകുടുംബം താമസിക്കുകയായിരുന്ന അബ്ദുല്‍ബാഖിയെ കഴിഞ്ഞയാഴ്ച കാണാതായിരുന്നു. അദ്ദേഹം മൊറോകോയിലേക്ക് പോയിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബാഴ്‌സലോണ ആക്രമണം ഭീകരര്‍ ആസൂത്രണം ചെയ്ത വന്‍ ആക്രമണ പരമ്പരയുടെ തുടക്കം മാത്രമാണെന്നും സ്‌പെയിനിലെ പ്രശസതമായ ബസലിക്കയും തുറമുഖവും ഭീകരര്‍ ഉന്നമിട്ടിരുന്നതായും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.