1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2017

സ്വന്തം ലേഖകന്‍: ചാവേര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, തങ്ങള്‍ ബാഴ്‌സലോണക്കൊപ്പമെന്ന് ലോക നേതാക്കള്‍, ഭീകരത തുടച്ചു നീക്കാനുള്ള സമയം അതിക്രമിച്ചതായി പ്രഖ്യാപനം. 14 പേരുടെ ജീവനെടുത്ത ബാഴ്‌സലോണ, കാംബ്രില്‍സ് ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് സ്‌പെയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഭീകരവാദത്തെ തുടച്ചുനീക്കുമെന്നു പ്രതിജ്ഞയെടുത്തും ലോക നേതാക്കള്‍ രംഗത്തെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും അടക്കമുള്ള നേതാക്കള്‍ എന്തു സഹായത്തിനും തങ്ങള്‍ സ്‌പെയിനിന് ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

ആക്രമണത്തിന്റെ ഇരകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുംവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ഥിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ഫുട്‌ബോള്‍ താരങ്ങളും പ്രതികരണവുമായി രംഗത്തെത്തി. ഭീകരവാദത്തെ അപലപിച്ചും ഇരകള്‍ക്കൊപ്പമുണ്ടെന്നു വ്യക്തമാക്കിയും ഏറ്റവും ശക്തമായ ഭാഷയില്‍ പ്രതികരിച്ചത് സ്പാനിഷ് രാജകുടുംബമാണ്. ആക്രമണം നടത്തിയവര്‍ കൊലപാതകികളും കുറ്റവാളികളുമാണെന്നും രാജകുടുംബം പ്രസ്താവനയില്‍ പറഞ്ഞു. ഇതൊന്നും കണ്ടു സ്‌പെയിന്‍ ഭയപ്പെടില്ല. രാജ്യം മൊത്തം ബാഴ്‌സലോണയ്‌ക്കൊപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു.

എന്തു സഹായത്തിനും യുഎസ് ഒപ്പമുണ്ടാകുമെന്നു പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. യുഎസും സഖ്യകക്ഷികളും ചേര്‍ന്ന് എല്ലാ തീവ്രവാദികളെയും നിയമത്തിനു മുന്നിലെത്തിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി റക്‌സ് ടില്ലേഴ്‌സണും പറഞ്ഞു. തീവ്രവാദത്തിനെതിരേ ലോകം മുഴുവന്‍ ഒന്നിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ആഹ്വാനം ചെയ്തു. അനുശോചനം അറിയിച്ച് സ്‌പെയിന്‍ രാജാവ് ഫിലിപ്പ് ആറാമനു പുടിന്‍ സന്ദേശം അയച്ചു. ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെരെസ് പറഞ്ഞു.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇരകള്‍ക്കൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. തങ്ങള്‍ അതീവ ദുഃഖിതരാണെന്ന് ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ് അറിയിച്ചു. എല്ലാത്തരം അക്രമത്തില്‍നിന്നും ജനം പിന്തിരിയണമെന്ന് ഫുട്‌ബോളര്‍ ലയണല്‍ മെസി അഭ്യര്‍ഥിച്ചു. താന്‍ ചകിതനായെന്നും ഇരകളുടെ കുടുംബത്തിനൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മറ്റൊരു ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോയും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും അനുശോചനവുമായി എത്തിയവരില്‍പ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.