1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2017

 

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏക സജീവ അഗ്‌നിപര്‍വതം വീണ്ടും പുകയുന്നു, അഗ്‌നി പര്‍വത സ്‌ഫോടനത്തിനു സാധ്യതയെന്ന് സൂചന. ആന്‍ഡമാന്‍ നിക്കോബാറിലെ ബാര്‍ന്‍ ദ്വീപിലുള്ള അഗ്‌നി പര്‍വതമാണ് 150 വര്‍ഷം നിര്‍ജീവാവസ്ഥയില്‍ ആയിരുന്ന ഈ അഗ്‌നി പര്‍വതം വീണ്ടും സജീവമായി തുടങ്ങിയതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

പോര്‍ട്ട് ബ്ലെറയില്‍ നിന്ന് 140 കിലോമീറ്റര്‍ മാറിയുള്ള ബാരന്‍ ദ്വീപിലെ അഗ്‌നി പര്‍വതം വീണ്ടും സജീവമായ സാഹചര്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ശാസ്ത്രജ്ഞര്‍ സ്ഥലത്തെത്തി പഠനം നടത്തി. അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ലാവ പ്രവാഹം തുടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

അഗ്‌നി പര്‍വതത്തില്‍ നിന്നും പുകയും ലാവയും വമിക്കുന്നതായി വിദഗ്ധര്‍ സ്ഥിരീകരിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഈ അഗ്‌നി പര്‍വതം അവസാനമായി സജീവമായത് 1991 ലാണ്. അതിനു ശേഷം ഇപ്പോള്‍ വീണ്ടും പുകയുന്നുവെന്നാണ് ദേശീയ സമുദ്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ കണ്ടെത്തല്‍. അഭയ് മുധോല്‍ക്കറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പര്‍വ്വതത്തെ നിരീക്ഷിച്ചത്.

2017 ജനുവരി 23 മുതല്‍ അഗ്‌നി പര്‍വതിത്തില്‍ നിന്ന് പുക വമിക്കുന്നതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. സമുദ്ര ഗവേഷണ ശാസ്ത്രജ്‌രുടെ സംഘം ബാരന്‍ ദ്വീപിനു സമീപം കടലിലെ അടിത്തട്ട് സാംപിള്‍ ശേഖരിക്കുന്നതിനിടെയാണ് പര്‍വതത്തില്‍ നിന്ന് പുക വമിക്കാന്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടത്. ഒരു മൈല്‍ ദൂരെ നിന്നും പര്‍വ്വതം നിരീക്ഷിച്ചപ്പോള്‍ അഞ്ചു മുതല്‍ പത്തു മിനുട്ട് വരെ പുക തുപ്പിയെന്നും ഗവേഷക സംഘം വിലയിരുത്തി.

പകല്‍ സമയത്തു മാത്രമാണ് പുക ഉയരുന്നതായി കണ്ടത്. രാത്രി സമയങ്ങളില്‍ നിരീക്ഷിച്ചപ്പോള്‍ പര്‍വതമുഖത്തു നിന്നും ചുവന്ന നിറത്തില്‍ ലാവ അന്തരീക്ഷത്തിലേക്ക് തെറിച്ച് പര്‍വ്വതത്തിന്റെ ചെരിവുകളിലൂടെ ഒഴുകുന്നതായും കണ്ടുവെന്ന് ഗവേഷകര്‍ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ജനുവരി 26ന് ബി. നാഗേന്ദര്‍ നാഥിന്റെ നേതൃത്വത്തില്‍ രണ്ടാമതും പര്‍വതം നിരീക്ഷിച്ചപ്പോള്‍ പുകയും പൊട്ടിത്തെറിയും തുടരുന്നതായും കണ്ടെത്തി.

അഗ്‌നി പര്‍വതത്തിനു സമീപമുള്ള മണ്ണും വെള്ളവും ശേഖരിച്ച് പരിശോധിച്ചപ്പോഴും അഗ്‌നിപര്‍വ്വതം ഉണര്‍ന്നുവെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അഗ്‌നി പര്‍വതം പൊട്ടുമ്പോഴുണ്ടാകുന്ന പാറക്കഷണങ്ങളായ കരിപോലെ കറുത്ത അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചുവെന്നും വരാനിരിക്കുന്ന അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ സൂചിപ്പിക്കുന്നതാണിതെന്നും ഗവേഷക സംഘം കൂട്ടിച്ചേര്‍ത്തു.

കടലിനടിയില്‍ അഗ്‌നിപര്‍വതങ്ങളുള്ള, ഭൂചലന സാധ്യതയുള്ള മേഖലയാണ് ആന്‍ഡമാന്‍. ഇവിടെ കടലിനടിയില്‍ ഒരേ നിരയില്‍ നിരവധി അഗ്‌നിപര്‍വതങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അഗ്‌നിപര്‍വത ആര്‍ക്ക് എന്നാണിവ അറിയപ്പെടുന്നത്. ബാരന്‍ ദ്വീപ്, പേരിലുള്ളതുപോലെ ആള്‍പ്പാര്‍പ്പില്ലാത്ത, മരങ്ങളും പച്ചപ്പുമില്ലാത്ത ദ്വീപാണ്. വിനോദസഞ്ചാരികള്‍ക്ക് വനംവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി ബോട്ടില്‍ പോയി അഗ്‌നിപര്‍വതം ദൂരെ നിന്ന് കാണാനെ അനുമതിയുള്ളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.