1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2015

സ്വന്തം ലേഖകന്‍: മഹാരാഷ്ട്ര, ഹരിയാനഎന്നീ സംസ്ഥാനങ്ങളുടെ പാത പിന്തുടര്‍ന്ന് ബീഫ് നിരോധിക്കാന്‍ സൗകര്യമില്ലെന്ന് ഗോവന്‍ മുഖ്യമന്ത്രി ലക്ഷമീകാന്ത് പര്‍സേക്കര്‍ വ്യക്തമാക്കി. പര്‍സേക്കറുടെ പ്രകോപനപരമായ പ്രസ്താവന ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് രസിച്ചിട്ടില്ലെന്നാണ് സൂചന.

മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഇഷ്ടവിഭവമാണ് ബീഫ്. ഗോവയില്ലാകട്ടെ ജനസംഖ്യയുടെ 40 ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. അതിനാല്‍ ന്യൂനപക്ഷങ്ങളുടെ താത്പര്യത്തെ ബാധിക്കുന്ന വിധം ഏകപക്ഷീയമായി ബീഫ് നിരോധിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വര്‍ഷങ്ങളുടെ പ്രയത്‌ന ഫലമായാണ് സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ വിശ്വാസവും സൗഹൃദവും നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം ഗോവയില്‍ നിലവില്‍ ഗോവധം നടക്കുന്നില്ലെന്നും കര്‍ണാടകയില്‍ നിന്നും കൊണ്ട് വരുന്ന മാംസമാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്നും മുന്‍ ആര്‍എസ.എസ് നേതാവ് കൂടിയായ പര്‍സേക്കര്‍ വെളിപ്പെടുത്തി.

ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ബീഫ് നിരോധിച്ച പശ്ചാത്തലത്തില്‍ ഗോവ സര്‍ക്കാരിന്റെ തീരുമാനം ഏറെ കോളിളക്കം ഉണ്ടാക്കുന്നതാണ്. 40 അംഗ ഗോവ നിയമസഭയില്‍ കേവലം നാല് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് ന്യൂനപക്ഷ വോട്ടുകളായിരുന്നു.

മാര്‍ച്ച് ആദ്യ ആഴ്ചയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചത്. രണ്ടു ആഴ്ചക്കകം ഹരിയാനയും ഗോവധം നിരോധിച്ച് ഉത്തരവിറക്കി. ഇന്ത്യ മുഴുവന്‍ ബീഫ് നിരോധിക്കാനുള്ള ബിജെപി സര്‍ക്കാറിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഗോവന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.