1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ കന്നുകാലികളെ കശപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്ര ഉത്തരവ്, വ്യാപക പ്രതിഷേധം, നിരോധനം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് കേരളം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായല്ലാതെ കാലിചന്ത കളില്‍ കന്നുകാലി വില്‍പന നടത്തരുതെന്നു വ്യക്തമാക്കി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനമിറക്കി. ഇതിനു പുറമേ, മതാചാര പ്രകാരം മൃഗങ്ങളെ ബലി നല്‍കുന്നതിനും നിരോധനമുണ്ട്. പോത്ത്, എരുമ, പശു,കാള,ഒട്ടകം എന്നിവ യ്ക്കാണു വില ക്ക്.

2017 ജനുവരി 16ന് ഇറക്കിയ കരടു വിജ്ഞാപനത്തിന്റെ അന്തിമ വിജ്ഞാപനമാണ് മേയ് 23 ന് അസാധാരാണ ഗസറ്റായി ഇറക്കിയിരിക്കുന്നത്. മൃഗങ്ങള്‍ക്കെതിരേ ക്രൂരത തടയുന്ന 1960 ലെ നിയമത്തിന്റെ 38 ആം ഉപവകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഇത്. ബലിയര്‍പ്പിക്കുന്നതിലുള്ള നിരോധനം മുസ്ലിം വിഭാഗത്തിന്റെ ബലിപ്പെരുന്നാളിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വന്‍ വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്. രാജ്യത്തെ മാംസ വ്യാപാരത്തെയും അനുബന്ധ വ്യവസായങ്ങളെയും ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

കാള, പശു, പോത്ത്, ഒട്ടകം തുടങ്ങിയ മൃഗങ്ങളെ കശാപ്പ് ആവശ്യത്തിനായി വില്‍ക്കുന്നതിനാണ് നിരോധനം. വാങ്ങി ആറു മാസത്തിനകം വീണ്ടും വില്‍പനനടത്തുന്നതും തടഞ്ഞിട്ടുണ്ട്. ആറു മാസത്തില്‍ത്താഴെ പ്രായമുള്ള മൃഗങ്ങളുടെയും കാളക്കുട്ടി, പശുക്കിടാവ് തുടങ്ങിയവയുടെയും വില്‍പനയ്ക്കു കര്‍ശന നിരോധനമുണ്ട്. അവശതയും രോഗപീഡയും ഗര്‍ഭവുമുള്ള കാലികളെ വില്ക്കാന്‍ പാടില്ല. കന്നുകാലികളെ വാങ്ങുമ്പോല്‍ തന്നെ കശാപ്പ് ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കണം.

സംസ്ഥാനത്തിനു പുറത്തേക്കുള്ള മൃഗങ്ങളുടെ വില്‍പനയും തടഞ്ഞിട്ടുണ്ട്. കന്നുകാലികളെ കശാപ്പ് ചെയ്യില്ല എന്ന സത്യവാങ്മൂലം നല്‍കാതെ ഇവയെ വില്‍പ്പനയ്ക്കായി പോലും എത്തിക്കരുതെന്ന് വിജ്ഞാപനത്തില്‍ എടുത്തു പറയുന്നു. കന്നുകാലി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ അനുമതിയും നിര്‍ബന്ധമാക്കും. കന്നുകാലികളെ കൈമാറ്റം ചെയ്യുന്നവര്‍ തങ്ങള്‍ സ്വന്തമായി കൃഷിഭൂമി ഉള്ളവരാണെന്നതിന്റെ രേഖകള്‍ കമ്മിറ്റി മുന്പാകെ സമര്‍പ്പിക്കണം.

കന്നുകാലി മാര്‍ക്കറ്റുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വൃത്തി എന്നിവ ഉണ്ടായിരിക്കണം. കന്നുകാലികളെ മാര്‍ക്കറ്റുകളില്‍ സൂക്ഷിക്കുന്നതിന് ഉടമസ്ഥന്‍ ഫീസ് നല്‍കണം. മൂന്നു മാസത്തിനുള്ളില്‍ തന്നെ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കണം കാലിച്ചന്തകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതേസമയം കേരളത്തില്‍ കശാപ്പ് നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഭരണപക്ഷവും യു.ഡി.എഫും രംഗത്തെത്തി.

കേന്ദ്രം ഫെഡറല്‍ സംവിധാനത്തിന്റെ രീതികള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുകയാണെന്ന് ഭരണപക്ഷം ആരോപിക്കുമ്പോള്‍ നടപ്പിലാകുന്നതിന്റെ വര്‍ഗീയ ചേരി തിരിവുണ്ടാക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷം ആരോപിച്ചു, എന്നാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന വാദവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി.

മാസം കഴിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതത്തില്‍ പെട്ടവരും മാംസ ഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് കേന്ദ്രസര്‍ക്കാര്‍ കൈവച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനത്ത് ഉടനീളം ഇടതു സംഘടനകള്‍ ബീഫ് ഫെസ്റ്റ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.