1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2017

സ്വന്തം ലേഖകന്‍: യുഎസിനെ മറികടന്ന് ലോക സാമ്പത്തിക ശക്തിയാകാനുള്ള ചൈനയുടെ സ്വപ്നങ്ങള്‍ക്ക് അടിത്തറയിട്ട് ബെല്‍ട്ട് ആന്‍ഡ് റോഡ് ഉച്ചകോടിക്ക് സമാപനം. അതിര്‍ത്തിവാദം തള്ളി ആഗോളീകരണം സ്വീകരിക്കാന്‍ സമാപനദിവസം ഉച്ചകോടിയെ അഭിസംബോധന ചെയ്ത ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ലോകരാജ്യങ്ങളോട് ആഹ്വാനംചെയ്തു. ആഗോളവിപണി നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ചുനില്‍ക്കുക മാത്രമാണ് പോംവഴി.

വികസനം കൂടുതല്‍ അസന്തുലിതമായിരിക്കുന്നു. യുദ്ധം, ഭീകരവാദം, അഭയാര്‍ഥിപ്രവാഹം, കുടിയേറ്റം എന്നീ ഭീഷണികളും ലോകത്തെ അപകടത്തിലാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ ഒരു രാജ്യത്തിനും സ്വന്തം കാര്യം പരിഹരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളെ നേര്‍ക്കുനേര്‍ പരാമര്‍ശിക്കാതെ ഷി ജിന്‍പിങ് പറഞ്ഞു.

ദേശാടനപ്പക്ഷികള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ അവഗണിച്ച് ദീര്‍ഘദൂരം താണ്ടാന്‍ കഴിയുന്നത് പരസ്പരം സഹായിച്ച് കൂട്ടമായി കഴിയുന്നതുകൊണ്ടാണെന്നും ഷി ജിന്‍പിങ് പറഞ്ഞു. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെക്കുറിച്ച് പാശ്ചാത്യരാജ്യങ്ങള്‍ പുലര്‍ത്തുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്നും ഷി ജിന്‍പിങ് പറഞ്ഞു.

എന്നാല്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതികളില്‍ സ്വതന്ത്ര വ്യാപാരത്തിന് അനുമതിയില്ലെങ്കില്‍ സംരംഭക കരാറില്‍ ഒപ്പുവെക്കില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ സമാപന ദിവസം പ്രഖ്യാപിച്ചത് ചൈനക്ക് തിരിച്ചടിയായി. പാക് അധീന കശ്മീരിലൂടെയാണ് പോകുന്നതെന്നതിനാല്‍ പദ്ധതിയെ എതിര്‍ക്കുന്ന ഇന്ത്യ ഉച്ചകോടി ബഹിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്ക് യു.എസിനെ ആവശ്യമുള്ളതിനെക്കാള്‍ ചൈനക്ക് ഇന്ത്യയെ ആവശ്യമാണെന്നു പറഞ്ഞ ചൈനീസ് പ്രസിഡന്റ് പദ്ധതിയുടെ ഭാഗമാകണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവരടക്കം 29 രാഷ്ട്രനേതാക്കളും 130 രാജ്യങ്ങളുടെ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുത്തു. 900 ബില്യണ്‍ യു.എസ് ഡോളര്‍ ചെലവില്‍ പണ്ടത്തെ സില്‍ക്ക് റോഡ് പുനര്‍നിര്‍മ്മിക്കുന്നതാണ് വണ്‍ റോഡ് വണ്‍ ബെല്‍ട്ട് പദ്ധതി. സില്‍ക് റോഡ് സാമ്പത്തിക ഇടനാഴി, 21 ആം നൂറ്റാണ്ടിലെ സമുദ്ര പട്ടുപാത എന്നിവയില്‍ പങ്കാളികളാകുന്ന രാജ്യങ്ങളില്‍ പ്രതിവര്‍ഷം ഒമ്പതു ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യത്തിന് നിക്ഷേപിക്കുമെന്നാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.