1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2017

സ്വന്തം ലേഖകന്‍: തെളിവില്ല! മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ വെറുതെ വിട്ട് ബംഗളുരു കോടതി. ബെംഗളൂരുവിലെ ഫ്രാന്‍സ് കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി ഹെഡ് ചാന്‍സറിയായിരുന്ന പാസ്‌കല്‍ മസൂരിയറിനെയാണ് അഞ്ചു വര്‍ഷത്തിനു ശേഷം കോടതി കുറ്റ വിമുക്തനാക്കിയത്. മൂന്നര വയസ്സുള്ള മകളെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റം തെളിയിക്കാന്‍ വാദി ഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ബെംഗളൂരു സെഷന്‍സ് കോടതിയുടെ വിധി.

മുന്‍ ഭാര്യ സുജ ജോണ്‍സ് നല്‍കിയ പരാതിയില്‍ പാസ്‌ക്കലിനെ 2012 ജുണ്‍ പതിനഞ്ചിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസ് നല്‍കി നാലാം ദിവസമായിരുന്നു അറസ്റ്റ്. ഹൈ ഗ്രൗണ്ട് പൊലീസ് ഐപിഎസി 376 ആം വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റത്തിന് കേസുമെടുത്തു. മകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് സ്ഥിരീകരിക്കാന്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ റിപ്പോര്‍ട്ടും സുജ ജോണ്‍സ് പൊലീസിന് നല്‍കിയിരുന്നു.

അടച്ചിട്ട മുറിയില്‍ കുട്ടിയോടൊപ്പം പാസ്‌കലിനെയും കണ്ടെന്നായിരുന്നു പരാതി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നാലുമാസം ജയിലില്‍ക്കിടന്ന പാസ്‌കലിന് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലായിരുന്നു ഇത്. സ്വന്തം മക്കളെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന് കാട്ടി ജയില്‍ മോചിതനായ ശേഷം പാസ്‌ക്കല്‍ കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം പെണ്‍കുട്ടി ഒഴികെയുള്ള മറ്റു രണ്ട് മക്കളെ സന്ദര്‍ശിക്കാന്‍ കോടതി പാസ്‌ക്കലിന് അനുമതി നല്‍കി. കേസിലെ വിചാരണ അതിവേഗത്തില്‍ ആക്കണമെന്ന് പാസ്‌ക്കല്‍ 2014 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അപേക്ഷിച്ചിരുന്നു. ഫ്രാന്‍സില്‍ മരണാസന്നയായി കിടക്കുന്ന മുത്തശ്ശിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് കാട്ടിയായിരുന്നു ഈ അപേക്ഷ. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കുകയുണ്ടായി.

നീണ്ട നിയമ യുദ്ധമായിരുന്നു ഇതെന്ന് കോടതി വിധി വന്ന ശേഷം പാസ്‌ക്കല്‍ പ്രതികരിച്ചു. നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. സ്വന്തം ഭാര്യയാല്‍ ചതിക്കപ്പെട്ടെന്ന് മനസ്സിലാകുമ്പോള്‍ വലിയ മാനസിക ആഘാതമുണ്ടാകും. പോരാടാനുള്ള കരുത്ത് ദൈവം തനിക്ക് തന്നെന്നും പാസ്‌ക്കല്‍ പറഞ്ഞു. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സുജ പ്രതികരിച്ചു. 2002 ല്‍ കൊല്‍ക്കത്തയിലെ ഫ്രഞ്ച് കോണ്‍സുലേറ്റില്‍ ജോലിനോക്കിയിരുന്ന കാലത്താണ് പാസ്‌ക്കല്‍ സുജയെ വിവാഹം കഴിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.