1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2016

സ്വന്തം ലേഖകന്‍: ബര്‍ലിന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ മെര്‍ക്കലിന് തിരിച്ചടി, നാസികള്‍ തിരിച്ചുവരവിന്റെ പാതയിലെന്ന് സൂചന. തീവ്ര വലതുപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി പാര്‍ട്ടി എന്ന എ.എഫ്.ഡി പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയത്. ചാന്‍സലര്‍ അംഗലാ മെര്‍കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് സമീപകാലത്തുണ്ടായ കനത്ത തിരിച്ചടിയാണീത്.

സമീപകാലത്ത് വിവാദ വിഷയമായി മാറിയ അഭയാര്‍ഥി പ്രശ്‌നത്തില്‍ മെര്‍കലും പാര്‍ട്ടിയും സ്വീകരിച്ച നിലപാടാണ് അവര്‍ക്ക് വിനയായത് എന്നാണ് വിലയിരുത്തല്‍. അഭയാര്‍ഥികളെ അനുകൂലിക്കുന്ന മെര്‍കലിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചും ഇസ്ലാമോഫോബിയ പടര്‍ത്തിയും കൊണ്ടുപിടിച്ച പ്രചാരണമാണ് വലതുപക്ഷ പാര്‍ട്ടികള്‍ നടത്തിയത്.

ഇതിന് ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞതിന്റെ സൂചനയാണ് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ബര്‍ലിനിലെയും തെരഞ്ഞെടുപ്പു ഫലങ്ങള്‍. ദിവസങ്ങള്‍ക്കു മുമ്പ് ബര്‍ലിന്‍ മേയര്‍ മൈക്കിള്‍ മുള്ളര്‍ വലതുപക്ഷത്തിന്റെ മുന്നേറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എ.എഫ്.ഡിയുടെ മുന്നേറ്റം ജര്‍മനിയില്‍ നാസികളുടെ തിരിച്ചുവരവായി ആഗോള തലത്തില്‍ വിലയിരുത്തപ്പെടുമെന്നായിരുന്നു മേയറുടെ മുന്നറിയിപ്പ്.

ഫലപ്രഖ്യാപന ശേഷവും മേയര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. ഹിറ്റ്‌ലറുടെ നാസി ജര്‍മനിയുടെ തലസ്ഥാനം എന്ന നിലയില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും വൈവിധ്യങ്ങളുടെയും നാട് എന്ന നിലയിലേക്ക് മാറിയ നഗരമാണ് ബര്‍ലിന്‍ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

രണ്ടു ജര്‍മനികളും ഒന്നായ ശേഷം ആദ്യമായാണ് ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടി ബര്‍ലിന്‍ സംസ്ഥാന സഭയില്‍ മുന്നേറ്റം ഉണ്ടാക്കുന്നത്. 16 സംസ്ഥാന സഭകളില്‍ പത്തിടങ്ങളില്‍ ഇതോടെ പാര്‍ട്ടിക്ക് അംഗങ്ങളായി. അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധ വികാരവും ഇസ്ലാമോഫോബിയ പോലുള്ള വംശീയ വിദ്വേഷങ്ങളും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് വലതുപക്ഷം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.