1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2017

സ്വന്തം ലേഖകന്‍: ലണ്ടന്റെ സ്വന്തം ബിഗ് ബെന്‍ ഇനി നാലു വര്‍ഷത്തേയ്ക്ക് മിണ്ടില്ല, വിനോദ സഞ്ചാരികള്‍ക്ക് നിരാശ. ഓരോ മണിക്കൂറിലും മണിനാദം പുറപ്പെടുവിക്കുന്ന ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ബെല്‍ നീണ്ട നാലു വര്‍ഷങ്ങള്‍ ഇനി ഈ മണിനാദം പുറപ്പെടുവിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് നാലു വര്‍ഷത്തേക്ക് അടച്ചിടുന്നത്. ഓരോ മണിക്കൂറിലും ഉയര്‍ന്ന സ്ഥായിയിലുള്ള മണിനാദം കേള്‍ക്കുന്നത് അറ്റകുറ്റപ്പണി നടത്തുന്നവരുടെ കേള്‍വി ശക്തിയെ ദോഷകരമായി ബാധിക്കുന്നതിനാലാണ് തീരുമാനം.

ലോകം മുഴുവനുമുളള വിനോദ സഞ്ചാരികളെ വിസ്മയത്തിന്റെ മണിയൊച്ച കേള്‍പ്പിച്ച ക്ലോക്ക് ടവര്‍ അടച്ചിടുന്നത് സന്ദര്‍ശകരെ നിരാശരാക്കുന്നുണ്ട്. ഓരോ മണിക്കൂറിലും കാതിനിമ്പമായി മണിനാദം മുഴക്കുന്ന ക്ലോക്ക് ടവറിന്റെ ശബ്ദം മൈലുകള്‍ക്കപ്പുറത്തേക്ക് മുഴങ്ങിക്കേള്‍ക്കും. കാഴ്ചക്കാര്‍ക്ക് വിസ്മയമായി നിലകൊള്ളുന്ന ക്ലോക്ക് ടവറിന് 157 വര്‍ഷത്തിലധികം പഴക്കമുണ്ട്. തെംസ് നദീതീരത്തുള്ള പാര്‍ലമെന്റ് മന്ദിരം ലോകപൈതൃക സങ്കേതങ്ങളിലൊന്നാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള ബെന്‍ ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായി നീണ്ട നാലു വര്‍ഷത്തേക്ക് അടച്ചിടുന്നത് വിവിധ മേഖലകളില്‍ നിന്ന് വിമര്‍ശനവും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അതേസമയം ക്ലോക്കിലെ മണി ശബ്ദം നിലച്ചാലും സമയം കൃത്യമായി കാണിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ലോക്ക് ടവറിന്റെ നിലവിലെ കേടുപാടുകള്‍ തീര്‍ത്ത് കൂടുതല്‍ മനോഹരമാക്കാനും ഭാവിയിലേക്ക് സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് ടവറിന്റെ മേല്‍നോട്ടച്ചുമതലയുള്ള സ്റ്റീവ് ജാഗ്‌സ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.