1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2015

സ്വന്തം ലേഖകന്‍: ബിഹാര്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്, അക്രമ സംഭവങ്ങള്‍ വ്യാപകം. 57 ശതമാനമാണ് രേഖപ്പെടുത്തിയ പോളിങ് ശതമാനം. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യും ജെ.ഡി.യു, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. പാര്‍ട്ടികളടങ്ങിയ മഹാസഖ്യവും തമ്മിലാണ് പ്രധാനമത്സരം.

249 സീറ്റില്‍ 49 എണ്ണത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. തീവ്ര ഇടതുപക്ഷക്കാര്‍ക്ക് വേരോട്ടമുള്ള മണ്ഡലങ്ങളാണ് ഇവ. നിരീക്ഷണത്തിനായി പൈലറ്റില്ലാ വിമാനങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപയോഗിച്ചിരുന്നു. മാവോവാദി ബഹിഷ്‌കരണ ഭീഷണിയുള്ള പല ബൂത്തുകളിലും വോട്ടര്‍മാര്‍ എത്തിയില്ല.

സമഷ്ടിപൂരിലെ ബൂത്തില്‍ കോട്ടണ്‍ മില്ലുകള്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച് ആരും വോട്ടുചെയ്യാന്‍ എത്തിയില്ല. ജമ്വിയില്‍ എല്‍.ജെ.പി. സ്ഥാനാര്‍ഥിക്ക് നേരെ വെടിവെപ്പുണ്ടായെങ്കിലും അപകടമില്ലാതെ രക്ഷപ്പെട്ടു. ഇവിടെ 126ാം ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. മുനിഗറില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

അവസാന രണ്ട് ഘട്ടങ്ങളുടെ നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടരുകയാണ്. ജഹനാബാദിലെ ബാഭുവായില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തു. മാവോവാദി ഭീഷണി മുന്‍നിര്‍ത്തി അനുമതി നിഷേധിച്ചെങ്കിലും അവസാനനിമിഷം റാലി അനുവദിക്കുകയായിരുന്നു.

തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്ന 49 സീറ്റില്‍ ജെ.ഡി.യു. 24, ആര്‍.ജെ.ഡി. 17, കോണ്‍ഗ്രസ് എട്ട് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. എന്‍.ഡി.എ. സഖ്യത്തില്‍ ബി.ജെ.പി. 27 സീറ്റിലും രാം വിലാസ് പസ്വാന്റെ എല്‍.ജെ.പി. 13 എണ്ണത്തിലും മത്സരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മേഖലയിലെ എട്ട് മണ്ഡലങ്ങളില്‍ നാലും എല്‍.ജെ.പി.ക്കൊപ്പമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.