1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2015

സ്വന്തം ലേഖകന്‍: പക്ഷികള്‍ക്കും മൗലികാവകാശങ്ങള്‍ ഉണ്ടെന്നും അവയെ കൂട്ടിലടക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി. പക്ഷികള്‍ക്കും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമുണ്ടെന്നും കൂട്ടില്‍ അടച്ച് അവയോട് ക്രൂരത കാണിക്കാതെ ആകാശത്ത് പറന്നുനടക്കാന്‍ അനുവദിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി വിധിയില്‍ പറയുന്നു.

മൃഗസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. വിചാരണ കോടതിയുടെ വിധിക്കെതിരായാണ് എന്‍ജിഒ ഹൈക്കോടതിയെ സമീപിച്ചത്. മൊഹാസിം എന്ന പക്ഷിക്കച്ചവടക്കാരന്‍ കൂട്ടിലടച്ചിരുന്ന പക്ഷികളെ എന്‍ജിഒ നേരത്തെ തുറന്നുവിട്ടിരുന്നു.

എന്നാല്‍ ഇതിനെതിരെ മൊഹാസിം കോടതിയെ സമീപിച്ചു. തുടര്‍ന്ന് പക്ഷികളെ മൊഹാസിക്ക് തിരിച്ചു നല്‍കണമെന്നായിരുന്നു വിചാരണ കോടതിയുടെ വിധി. ഈ വിധിക്കെതിരെ എന്‍ജിഒ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയിന്മേലാണ് പക്ഷികളുടെ മൗലികാവകാശങ്ങളെക്കുറിച്ച് ഹൈക്കോടതി പരാമര്‍ശം ഉണ്ടായത്.

വിചാരണ കോടതിയുടെ ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. പക്ഷികളുടെ ഉടമ മൊഹാസിം അല്ലെന്നും അവക്ക് അവയുടേതായ മൌലികാവകാശങ്ങളുണ്ടെന്നും അത് സ്വതന്ത്രമായ സഞ്ചാരത്തിനുളളതാണെന്നും കോടതി നിരീക്ഷിച്ചു. മനുഷ്യര്‍ക്ക് അവയെ കൂടുകളിലടക്കാന്‍ യാതൊരു അവകാശവുമില്ല. അത് കച്ചവട ആവശ്യത്തിനായാലും മറ്റെന്തിനായാലുമെന്ന് വിധി പ്രസ്താവനയില്‍ പറയുന്നു.

പക്ഷികളുടെ വില്‍പന അവയുടെ അവകാശത്തിന് എതിരെയുള്ള ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പറന്നു നടക്കാന്‍ അനുവദിക്കാതെ അവയെ അനധികൃതമായി വിദേശ രാജ്യങ്ങളിലേക്ക് വരെ കയറ്റി അയക്കുകയാണ്. കൃത്യമായ ഭക്ഷണമോ, വെള്ളമോ മരുന്നോ ഒന്നും അവയ്ക്ക് ലഭിക്കുന്നില്ല.

സഭവത്തില്‍ മെയ് 28 നകം വിശദീകരണം ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും പക്ഷികളുടെ ഉടമയായ മുഹമദ് മൊഹാസിമിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.