1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2019

സ്വന്തം ലേഖകന്‍: ബിജെപിയെ തളയ്ക്കാന്‍ കൊല്‍ക്കത്തയില്‍ ലക്ഷങ്ങളുടെ മഹാറാലി നയിച്ച് മമത ബാനര്‍ജി; ഒറ്റക്കെട്ടായി പ്രതിപക്ഷം; പ്രതിനിധികളെ അയച്ച് രാഹുല്‍; ഇത് ജനങ്ങള്‍ക്കെതിരായ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ റാലി. 20 ലേറെ ദേശീയ നേതാക്കളാണ് റാലിക്ക് എത്തിയത്.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൌഡ, ബിജെപിയില്‍ നിന്ന് വിട്ടുപോന്ന മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, ശത്രുഘന്‍ സിന്‍ഹ, അരുണ്‍ ഷൌരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാള്‍, എച്ച് ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍ എന്നിവര്‍ വേദിയിലെത്തി.

മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും റാലിയുടെ ഭാഗമായി. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും റാലിക്കെത്തിയില്ലെങ്കിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അഭിഷേക് സിംഗ്‌വിയും പങ്കെടുത്തു. ജിഗ്‌നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍ എന്നിവരും റാലിയില്‍ പങ്കെടുത്തു.

ഇടതുപക്ഷ പാര്‍ട്ടികളും ടിആര്‍എസ്, അണ്ണാ ഡിഎംകെ, ബിജെഡി എന്നീ കക്ഷികളും വിട്ടുനിന്നു. റാലിയില്‍ നിന്ന് വിട്ടുനിന്ന മായാവതി ബിഎസ്പി പ്രതിനിധിയായി സതീഷ് ചന്ദ്രമിശ്രയെ അയച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് റാലിയുടെ ഭാഗമായതെന്ന് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു.

‘ആശയപരമായ പോരാട്ടമാണിത്. അതിനാല്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്. തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തികഘടന അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാകേണ്ടതുണ്ട്,’ യശ്വന്ത് സിന്‍ഹ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കള്ളന്‍മാരുടെ യന്ത്രങ്ങളാണെന്നാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ആരോപിച്ചത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റിലേക്ക് മടങ്ങണമെന്നും ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.

വിനാശകരമായ നരേന്ദ്ര മോദി അമിത് ഷാ കൂട്ടുകെട്ടിനെ തോല്‍പ്പിക്കേണ്ടത് ആവശ്യമാണെന്ന് റാലിക്കെത്തിയ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. നാല്‍പത് ലക്ഷം പേര്‍ റാലിക്കെത്തിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അവകാശവാദം. 10,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നിയോഗിച്ചത്.

മോദിയെ അധികാരത്തില്‍ നിന്ന് മാറ്റുനിര്‍ത്തുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് തര്‍ക്കമില്ലെന്നുമാണ് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. പ്രതിപക്ഷ ഐക്യത്തിന് ജനഹൃദയങ്ങളില്‍ ഇടമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വിശാലസഖ്യം ജനങ്ങള്‍ക്കെതിരായ കൂട്ടുകെട്ടാണ്. കൊല്‍ക്കത്തയില്‍ നേതാക്കള്‍ സ്വന്തം തടിസംരക്ഷിക്കാനുളള വഴിതേടുകയാണന്നും മോദി വിമര്‍ശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.