1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2019

സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ ബി.ജെ.പിയ്ക്ക് കൈകൊടുത്ത് ശിവസേന; ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും 5050 സീറ്റുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ നിരന്തരം രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ബി.ജെ.പിയെ തുറന്നെതിര്‍ക്കുകയും ചെയ്തിരുന്ന ശിവസേന ഒടുവില്‍ ബി.ജെ.പിയുടെ സഖ്യനീക്കങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരേ പ്രത്യയശാസ്ത്രത്തിലാണ് രണ്ടു പാര്‍ട്ടികളും വിശ്വസിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ഒന്നിച്ചുനില്‍ക്കും,’ ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവസേന പലപ്പോഴായി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

റഫാല്‍ ഇടപാടിനെ അനുകൂലിച്ചാല്‍ ദേശസ്‌നേഹിയും വിമര്‍ശിച്ചാല്‍ ദേശവിരുദ്ധനും ആകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് മുഖപത്രമായ സാംനയിലൂടെ ശിവസേന വിമര്‍ശം ഉന്നയിച്ചിരുന്നു. അധികാരം ഇന്ദിരയ്ക്കും കോണ്‍ഗ്രസിനും ഓക്‌സിജന്‍ പോലെയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തേയും ശിവസേന വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ ഓക്‌സിജന്‍ തീര്‍ന്നോ എന്നായിരുന്നു ശിവസേനയുടെ ചോദ്യം.

മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുമെന്ന ബി.ജെ.പിയുടെ പ്രസ്താവനക്കെതിരേ ബി.ജെ.പി അഹങ്കാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് ശിവസേന പറഞ്ഞിരുന്നു. കൂടാതെ നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റിനെതിരേയും ശിവസേന രൂക്ഷ പരാമര്‍ശം നടത്തിയിരുന്നു. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 26 സീറ്റുകളിലും ശിവസേന 22 സീറ്റുകളിലുമാണ് മത്സരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.