1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2017

സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുസ്ലീം പള്ളിയില്‍ വന്‍ സ്‌ഫോടനവും വെടിവെപ്പും, 235 പേര്‍ കൊല്ലപ്പെട്ടു, ചെയ്തത് ആരായാലും കനത്ത തിരിച്ചടി ഉറപ്പെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്. വടക്കന്‍ സിനായിയിലെ മുസ്‌ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും തീവ്രവാദികളുടെ വെടിവെപ്പിലുമാണ് 235 പേര്‍ കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് പരിക്കേറ്റു. അല്‍അരിഷ് നഗരത്തിനടുത്ത ബിര്‍ അല്‍അബെദിലെ അല്‍റൗദ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് പള്ളിയില്‍നിന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കുനേരെയാണ് നാലു വാഹനങ്ങളിലെത്തിയ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്.

കൊല്ലപ്പെട്ടവരില്‍ നിരവധി സൈനികരുമുണ്ട്. ഈജിപ്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളിലൊന്നാണ് വെള്ളിയാഴ്ചയുണ്ടായത്. പരിക്കേറ്റവരെ 50ഓളം ആംബുലന്‍സുകളിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി ഗ്രൂപ്പുകളാരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഈജിപ്ത് സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

2011നുശേഷം വടക്കന്‍ സിനായിയില്‍ ഐ.എസ് അനുകൂല തീവ്രവാദികള്‍ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതോടെയാണ് പൊലീസുകാര്‍ക്കും സൈനികര്‍ക്കുംനേരെ ഭീകരരുടെ ആക്രമണം വര്‍ധിച്ചത്. ഭീകരര്‍ക്ക് സൈന്യം ‘അതിഭീകര’ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് അല്‍ സീസി പറഞ്ഞു. ചിതറിയോടിയ ഭീകരര്‍ക്ക് അഭയം നല്‍കില്ലെന്ന് സമീപ ഗ്രാമവാസികളും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് കയ്‌റോ രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കം രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.