1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2017

സ്വന്തം ലേഖകന്‍: ബ്ലു വെയ്ല്‍ കൊലയാളി ഗെയിമിന്റെ കേരളത്തിലെ ആദ്യ ഇരയോ? തിരുവനന്തപുരത്ത്, ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ഥി കൊലയാളി ഗെയിം കളിച്ചിരുന്നതായി വെളിപ്പെടുത്തല്‍. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജിന്റെ ആത്മഹത്യയാണ് ബ്ലൂവെയ്ല്‍ ഗെയിമിനെ തുടര്‍ന്നാണെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ലോകത്ത് നിരവധി പേരുടെ ജീവനെടുത്ത ബ്ലൂവെയ്ല്‍ ചലഞ്ച് ഗെയിമിന്റെ കേരളത്തിലെ ആദ്യത്തെ ഇരയാണ് മനോജ്.

ഇക്കഴിഞ്ഞ ജൂലൈ 26 നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മനോജിന്റെ മരണം ബ്ലൂവെയ്ല്‍ ഗെയിമിന്റെ സ്വാധീനം മൂലമാണെന്നാണ് സംശയിക്കുന്നതായി മാതാപിതാക്കള്‍ പറയുന്നു. ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നതായി മനോജ് തങ്ങളോട് പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചു. എന്നാല്‍, അതിനെ കുറിച്ച് കൂടുതുല്‍ അറിയില്ലായിരുന്നുവെന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നും വ്യക്തമാക്കുന്നു.

കഴിഞ്ഞ നവംബര്‍ മുതല്‍ മനോജ് ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചിരുന്നതായാണ് സംശയിക്കുന്നത്. ഈ കാലയളവില്‍ വലിയ മാറ്റങ്ങളാണ് കുട്ടിയില്‍ ഉണ്ടായെന്നും വീട്ടുകാരോട് അകന്ന മനോജ് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ആരംഭിച്ചതായും മാതാപിതാക്കള്‍ പറയുന്നു. ഒറ്റക്ക് കടല്‍ കാണാന്‍ പോവുകയും ദൂരസ്ഥലങ്ങളിലേക്ക് സഞ്ചരിക്കുകയും, നീന്തലറിയാതെ പുഴയില്‍ ചാടുക, രാത്രികളില്‍ സെമിത്തേരിയില്‍ പോയി ദൃശ്യം മൊബൈലില്‍ പകര്‍ത്തുക തുടങ്ങി സാഹസികമായ കാര്യങ്ങള്‍ മനോജ് ചെയ്യാന്‍ തുടങ്ങിയിരുന്നു.

ജൂലൈ 26ന് ആത്മഹത്യ ചെയ്യും മുമ്പ് മനോജ് ഫോണില്‍ നിന്ന് ഗെയിം ലിങ്ക് ഡിലീറ്റ് ചെയ്തിരുന്നുവെന്നാണ് സംശയിക്കുന്നത്. എന്നാല്‍, മനോജിന്റെ ആത്മഹത്യക്ക് പിന്നില്‍ ബ്ലൂവെയ്ല്‍ ചലഞ്ചാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ രാജ്യത്ത് ബ്ലൂ വെയ്ല്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

ഗെയിമിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഇന്റര്‍നെറ്റ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മൈക്രോ സോഫ്റ്റ്, യാഹൂ എന്നീ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്ലൂ വെയ്ല്‍ ഗെയിമിന്റെ അതേ പേരിലോ സമാനമായ പേരിലോ ഉള്ള ലിങ്കുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇലക്‌ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയം ഓഗസ്റ്റ് 11 ന് വിവിധ സേവനദാതാക്കള്‍ക്ക് കത്തയച്ചു.

ലോകമൊട്ടാകെ ഗെയിം കളിച്ച നിരവധി കൗമാരക്കാര്‍ ആത്മഹത്യ ചെയ്യുകയോ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് രാജ്യത്ത് ഗെയിം നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നത്. ബ്ലൂ വെയ്ല്‍ ഗെയിമില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററാണ് കളി നിയന്ത്രിക്കുന്നത്. കളിക്കുന്നയാള്‍ അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അമ്പത് ഘട്ടങ്ങളുള്ള കളിയുടെ അവസാനഘട്ടം ആത്മഹത്യയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.