1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2015

സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയിലെ അലിബാഗ് തീരത്ത് അടിഞ്ഞ നീല തിമിംഗലത്തെ രക്ഷിക്കാനായില്ല. 18 മണിക്കൂര്‍ നീണ്ട് നിന്ന രക്ഷാപ്രവര്‍ത്തനം വൃഥാവിലാകുകയായിരുന്നു. 42 അടി നീളമുള്ള പെണ്‍ നീല തിമിംഗലത്തെ ബുധനാഴ്ച രാവിലെയോടെയാണ് തീരത്ത് കണ്ടെത്തിയത്. തിമിംഗലത്തിന് ജീവനുണ്ടെന്ന് മനസിലായതോടെ പ്രദേശവാസികള്‍ അധികൃത!രെ വിവരമറിയിക്കുകയായിരുന്നു.

തീരദേശ സേനയും വന്യജീവി സംരക്ഷണ വിഭാഗവും ചേര്‍ന്ന് 20 ടണ്‍ ഭാരമുള്ള തിമിംഗലത്തെ തിരിച്ച് കടലിലേക്ക് തള്ളിയിറക്കാന്‍ നോക്കിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ തിമിംഗലം ചത്തതായി വന്യജീവി സംരക്ഷണ വിഭാഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ 18 മണിക്കൂര്‍ തീരത്ത് കിടന്ന നീലതിമിംഗലം, ജീവവായു ലഭിക്കാഞ്ഞതിനാലാണ് ചത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്തെങ്കിലും അപകടമോ മുറിവോ മൂലം സ്വാഭാവിക ദിശാ നിര്‍ണയ ശേഷി നഷ്ടപ്പെട്ടതിനാലാകാം നീലതിമിംഗലം കരയിലേക്ക് വന്നതെന്ന് വന്യജീവി വിഭാഗം മേധാവി എന്‍ വാസുദേവന്‍ അറിയിച്ചു. ഇന്ത്യയില്‍ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് വിദഗ്ധര്‍ക്ക് അറിവില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

നീല തിമിംഗലത്തെ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും എന്നാല്‍ അതിന് തക്ക സജ്ജീകരണങ്ങളോ വിദഗ്ധരോ ഇല്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. നീല തിമിംഗലത്തെ മറവ് ചെയ്യാനായി രണ്ട് ജെസിബികള്‍ ഉപയോഗിച്ചാണ് കുഴിയെടുത്തത്.

മഹാരാഷ്ട്രയുടെ തീരത്ത് കഴിഞ്ഞ മാസമാണ് ആഴക്കടല്‍ സസ്തനികളെ കുറിച്ച് പഠിക്കുന്ന ഗവേഷണ സ്ഥാപനമായ കൊങ്കണ്‍ സീറ്റേസിയന്‍ റിസര്‍ച്ച് ടീം നീല തിമിംഗലങ്ങളെ കണ്ടെത്തിയത്. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു നീല തിമിംഗലം മഹാരാഷ്ട്രയുടെ തീരത്ത് കാണപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.