1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2019

സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചമുതലാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ പര്യടനം ആരംഭിക്കുന്നത്. നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവട്‌വയ്പ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന ‘ഹൗഡി മോദി’ പരിപാടി നാളെയാണ്.

ഇന്ന് ഹൂസ്റ്റണിൽ ഊർജ മേഖലയിലെ പ്രധാനപ്പെട്ട കമ്പനികളിലെ തലവന്മാരുമായുള്ള കൂടിക്കാഴ്ചയോടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിലെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്. സെപ്റ്റംബർ 22നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യൻ സമൂഹമായ ടെക്സാസ് ഇന്ത്യൻ ഫോറമാണ് ഹൂസ്റ്റണിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഹൂസ്റ്റണിലെ എൻആര്‍ജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ 50,000 ൽ കൂടുതൽ ആളുകള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.1500 ലധികം വോളണ്ടിയര്‍മാര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഹൗഡി മോദി’ പരിപാടി ഇന്ത്യ– യുഎസ് ബന്ധത്തിലെ നാഴികക്കല്ലായി മാറുമെന്നു നരേന്ദ്ര മോദി പറഞ്ഞു. യുഎസ് സന്ദർശനം ഇന്ത്യ–യുഎസ് ബന്ധം കൂടുതൽ ഉറപ്പുള്ളതാക്കുമെന്നും ലോകത്തെ ഏറ്റവും പഴക്ക‌മുള്ളതും വലിയതുമായ ജനാധിപത്യ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാകുമെന്നു പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സെപ്റ്റംബര്‍ 24 നാണ് നരേന്ദ്ര മോദി-ഡൊണാള്‍ഡ് ട്രംപ് നിര്‍ണായക കൂടിക്കാഴ്ച. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും. കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇരുപത്തിയേഴിനാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കുക.

രാഷ്ട്രീയമായും സാമ്പത്തികമായും ഇന്ത്യ നിര്‍ണായകസന്ധിയില്‍ എത്തിനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം. സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുമ്പോള്‍ അമേരിക്കന്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്നതാണ് മോദിയുടെ പ്രധാന അജണ്ട. പ്രത്യേകപദവി നീക്കം ചെയ്തതിന് പിന്നാലെ ജമ്മുകശ്മീരില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ രാജ്യാന്തരത്തലത്തില്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിക്കും. ഇരുപത്തിയേഴിന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസഭയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഇതിന് മറുപടി പറഞ്ഞേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘ഹൗഡി മോദി’ പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്ന ടെക്സാസില്‍ ശക്തമായ കാറ്റും മഴയും. രണ്ടുപേര്‍ മരിച്ചു. നൂറുകണക്കിന് പേരെ രക്ഷപ്പെടുത്തി. ഹൂസ്റ്റണിലെ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. ഇന്നു വൈകുന്നേരത്തോടെയാണ് മഴയും കാറ്റും ശക്തി പ്രാപിച്ചത്. മിക്ക വീടുകളിലെയും വൈദ്യതി ബന്ധം നഷ്ടമായി. ഇമെല്‍ദാ എന്ന കൊടുങ്കാറ്റാണ് ഇവിടെ വീശിയടിച്ചത്. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഹൗഡി മോദി പരിപാടി നടക്കുന്ന സെപ്റ്റംബര്‍ 22-നും അങ്ങിങ്ങായി മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.