1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2017

സ്വന്തം ലേഖകന്‍: ബോധം കെടുത്താതെ തലയില്‍ ഒന്നര മണിക്കൂര്‍ ശസ്ത്രക്രിയ, ബാഹുബലി സിനിമ കണ്ട് സമയം കളഞ്ഞ് രോഗി. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയായ വിനയ കുമാരി എന്ന 43 കാരിയായ നഴ്‌സാണ് ബാഹുബലി 2 കാണുന്നതിനിടെ തലയില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വിനയ കുമാരിയുടെ ഇടത് സെന്‍സറി കോര്‍ട്ടക്‌സ് നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു. ഇതിനായി അനസ്‌തേഷ്യ ഉപയോഗിക്കാതെയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്.

ന്യൂറോ സര്‍ജന്‍ ഡോ. ശ്രീനിവാസ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്ന ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. തല തുറന്നുള്ള ശസ്ത്രക്രിയക്കിടെ വിനയകുമാരി സിനിമ കാണുകയും സിനിമയിലെ പാട്ട് മൂളുകയും ചെയ്യുന്നതിന്റെ വിഡിയോയും പുറത്തുവന്നു. അതേസമയം സിനിമ തീരുന്നതിന് മുമ്പ് ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്ക് ശേഷം വിനയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ബാഹുബലി മുഴുവന്‍ കാണാന്‍ പറ്റാത്തത്തില്‍ വിഷമമുണ്ടെന്നാണ്.

ശസ്ത്രക്രിയ കുറച്ച് നേരം കൂടി നീണ്ടിരുന്നെങ്കില്‍ സിനിമ കണ്ടുതീര്‍ക്കാമായിരുന്നു എന്നും അവര്‍ പറഞ്ഞു. രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ ചെയ്യേണ്ട ശസ്ത്രക്രിയ ആയിരുന്നു ഇതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. വിനയകുമാരിയുടെ ഭയം അകറ്റുന്നതിനാണ് സിനിമാ കാണിക്കാന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.