1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2016

സ്വന്തം ലേഖകന്‍: ബ്രസീലില്‍ നിന്നുള്ള ഫുട്‌ബോള്‍ ക്ലബ്ബ് താരങ്ങള്‍ യാത്ര ചെയ്ത വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു, 71 പേര്‍ മരിച്ചതായി സ്ഥിരീകരണം. അപകട സ്ഥലത്ത് നടത്തിവന്ന തിരച്ചില്‍ നിര്‍ത്തിയതായും കൂടുതല്‍ ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്നും കൊളംബിയന്‍ പോലീസ് മേധാവി ജോസ് ഏസ്‌വെദോ ഒസ്സ വ്യക്തമാക്കി. ബ്രസീലിലെ സാവോപോളോയില്‍ നിന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 3.45 ന് പുറപ്പെട്ട വിമാനം കൊളംബിയയിലെ മെഡലിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മലനിരയില്‍ തകര്‍ന്നു വീഴുകയായിരുന്നു.

സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായി പോയ ബ്രസീലിയന്‍ ക്ലബ്ബ് ഷാപ്പേകോണ്‍സ് സോക്കര്‍ ടീമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആറുപേര്‍ രക്ഷപ്പെട്ടതായി നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അപകടസ്ഥലത്തു നടത്തിയ പരിശോധനയില്‍ രക്ഷപ്പെട്ട മറ്റാരെയും കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ മരിച്ചതായി പോലീസ് നിഗമനത്തിലെത്തിയത്.

ഫുട്‌ബോള്‍ താരങ്ങളായ അലന്‍ റുഷല്‍, മാര്‍കോസ് ഡാനിലോ, ജാക്‌സണ്‍ ഫോള്‍മന്‍, എന്നിവരും ഡോക്ടര്‍ റാഫേല്‍ ഗൊബ്ബാറ്റോ, മാധ്യമപ്രവര്‍ത്തകന്‍ റാഫേല്‍ ഹെന്‍സല്‍, ഫ്‌ളൈറ്റ് ക്രൂ ജിമേന സുവാരസ് എന്നിവരുമാണ് രക്ഷപ്പെട്ടത്. വെനസ്വേലിയന്‍ വിമാനക്കമ്പനിയായ ലാമിയയുടെ വിമാനമാണ് അപകടത്തില്‍ പെട്ടത്.

ബ്രസീലില്‍ നിന്നും പുറപ്പെട്ട വിമാനത്തിന്റെ ഇന്ധനം തീര്‍ന്നുപോയതാണ് അപകടകാരണമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനായാണ് ബ്രസീലിയന്‍ കൊളംബിയയിലേക്ക് തിരിച്ചത്. കൊളംബിയയിലെ അത്‌ലറ്റിക്കോ നാഷണല്‍ ക്ലബ്ബിനെതിരേ ബുധനാഴ്ചയാണ് മത്സരം. നോക്കൗട്ട് രീതിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ടൂര്‍ണമെന്റിലെ ജേതാക്കള്‍ തെക്കേ അമേരിക്കയിലെ വലിയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ ലിബര്‍ട്ടിഡോറസില്‍ കളിക്കാന്‍ അര്‍ഹത നേടും.

അതേസമയം അപകടത്തില്‍ പെട്ട ക്ലബ്ബ് ടീമിനൊപ്പം ബ്രസീല്‍ ദേശീയ ടീമിലെ താരങ്ങള്‍ ആരും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജൂനിയര്‍ ദേശീയ ടീമിലെ ഏതാനും താരങ്ങള്‍ വിമാനത്തിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.