1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം വിസ നടപടികളില്‍ മാറ്റമുണ്ടാകില്ലെന്ന സൂചന നല്‍കി തെരേസാ മെയ്, ഇന്ത്യക്ക് നിരാശ. ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശന സമയത്ത് അവരെ അനുഗമിച്ചിരുന്ന വ്യാപാര, വ്യവസായ മേഖലയില്‍നിന്നുള്ള ബ്രിട്ടീഷ് പ്രതിനിധി സംഘം ഇന്ത്യയുമായി നിരവധി വ്യാപാര കരാറുകള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍, വിസ നടപടികളില്‍ ഉടന്‍ മാറ്റങ്ങള്‍ക്ക് ഉദ്ദേശിക്കുന്നില്ലെന്ന തെരേസ മേയുടെ നിലപാട് ഈ കരാറുകള്‍ക്ക് തിരിച്ചടിയാകുകയാണ്.

ഇന്ത്യക്കാര്‍ക്കുള്ള വിസയുടെ കാര്യത്തില്‍ ഇളവുകള്‍ ലഭിച്ചില്ലെങ്കില്‍ ഉഭയകക്ഷി കരാറുകളുടെ ഫലം കിട്ടാത്ത സാഹചര്യമായിരിക്കുമെന്ന് ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ആണ് ബ്രെക്‌സിറ്റ് സംബന്ധിച്ച് ബ്രിട്ടന്റെ നിലപാട് അറിയിച്ചത്.

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍ ബ്രെക്‌സിറ്റിനുശേഷം ഇന്ത്യയാണ് ബ്രിട്ടന്റെ പ്രധാന വ്യാപാര പങ്കാളി. വിസ പരിഷ്‌കാരം നിരസിച്ച പ്രധാനമന്ത്രി മേയുടെ അപ്രതീക്ഷിത നിലപാട് ഇന്ത്യന്‍ പ്രവാസികള്‍ക്കും കനത്ത തിരിച്ചടിയായി. ചരക്ക്, സേവനം, നിക്ഷേപങ്ങള്‍ എന്നിവയുടെ സ്വതന്ത്ര നീക്കത്തില്‍നിന്ന് വിദഗ്ധരെയും ജോലിക്കാരെയും വിദ്യാര്‍ഥികളെയും അകറ്റി നിര്‍ത്തുന്നതിനെതിരെ ഇന്ത്യന്‍ പക്ഷത്തുനിന്ന് വിമര്‍ശനം ശക്തമാണ്.

അതേസമയം ബ്രെക്‌സിറ്റിന്റെ അനന്തരഫലമായി ബാങ്കിങ് മേഖലയിലെ ആയിരക്കണക്കിനു ജോലികള്‍ ബ്രിട്ടന് നഷ്ടമാകുമെന്ന് വ്യക്തമായി. എച്ച്എസ്ബിസി, യുബിഎസ് ബാങ്കുകളാണ് ഇതിനോടകം ജീവനക്കാരെ മറ്റ് യൂറോപ്യന്‍ നഗരങ്ങളിലേക്ക് മാറ്റുമെന്ന് വ്യക്തമായ മുന്നറിയിപ്പു നല്‍കിയത്.

ബ്രിട്ടണിലെ ഏറ്റവും പ്രമുഖ ബാങ്കായ എച്ച്എസ്ബിസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റുവര്‍ട്ട് ഗള്ളിവര്‍ ആയിരത്തിലേറെ ജീവനക്കാരെ ലണ്ടനില്‍നിന്നും പാരിസിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ലണ്ടനിലുള്ള അയ്യായിരത്തിലേറെ യുബിഎസ് ബാങ്ക് ജീവനക്കാരില്‍ ആയിരത്തിലേറെ പേര്‍ക്ക് മറ്റ് യൂറോപ്യന്‍ നഗരങ്ങളിലേക്ക് മാറേണ്ടിവരുമെന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരുന്നതിനുള്ള ചര്‍ച്ചകളുടെ വ്യക്തമായ നിര്‍ദേശങ്ങളും ബ്രിട്ടന്റെ പദ്ധതികളും കഴിഞ്ഞദിവസം പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബാങ്കിങ് മേധാവികളുടെ ഈ പ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.