1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2019

സ്വന്തം ലേഖകന്‍: യുകെയുടെ ബ്രെക്‌സിറ്റോ തെരേസാ മേയുടെ എക്‌സിറ്റോ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ തള്ളി പാര്‍ലമെന്റ്; അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം; ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 230 വോട്ടുകള്‍ക്കാണ് ബ്രെക്‌സിറ്റ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടത്. 202 എം.പിമാര്‍ മാത്രമാണ് കരാറിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 432 എം.പിമാര്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

മാര്‍ച്ച് 29 നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനിരിക്കെ, നൂറിലേറെ ഭരണകക്ഷി അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്തതു പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായി. എന്നാല്‍, പരിഷ്‌കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി യൂറോപ്യന്‍ യൂണിയനുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇന്നു മന്ത്രിസഭാ യോഗം വിളിക്കില്ലെന്നും വക്താവ് വ്യക്തമാക്കി.

ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബ്രിട്ടന്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. വ്യാപക എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 11 നു നടത്താനിരുന്ന വോട്ടെടുപ്പു തെരേസ മേ നീട്ടിവച്ചിരുന്നു. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവര്‍ക്കും യൂറോപ്യന്‍ യൂണിയന്റെ കരാര്‍ വ്യവസ്ഥകളോടാണ് എതിര്‍പ്പ്.

കരാര്‍പ്രകാരം ബ്രിട്ടന്‍ ഭീമമായ തുക ഇയു ബജറ്റിനു കൊടുക്കേണ്ടിവരും. അതിനാല്‍, കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണു തെരേസ മേയുടെ എതിരാളികളുടെ ആവശ്യം. 2016 ജൂണ്‍ 23നാണ് ബ്രിട്ടനില്‍ ഹിതപരിശോധന നടന്നത്. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാന്‍ അനുകൂലിച്ച് 51.9 ശതമാനവും എതിര്‍ത്ത് 48.1 ശതമാനവും വോട്ടു ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.