1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2018

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകുന്നു; കരട് കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ധാരണയായി; കരാറിന് കാബിനറ്റ് അംഗീകാരം. കരട് ബ്രെക്‌സിറ്റ് കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ധാരണയായി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസാണ് ബുധനാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും,വിവാദങ്ങള്‍ക്കും ശേഷം ബ്രിട്ടീഷ് ഭരണകൂടം ബ്രെക്‌സിറ്റിന് അംഗീകാരം നല്‍കി.അഞ്ചു മണിക്കൂര്‍ നീണ്ട മന്ത്രിസഭായോഗത്തിനൊടുവില്‍ രാത്രി പത്തു മണിയോടെയാണ് ബ്രെക്‌സിറ്റ് തീരുമാനം അംഗീകരിച്ചത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള ബ്രെക്‌സിറ്റ് കരാറില്‍ അന്തിമതീരുമാനം പ്രഖ്യാപിക്കുന്ന സമയം വളരെ അടുത്തെത്തിയതായി മന്ത്രിസഭാ സമ്മേളനത്തിനിടെ മേയ് പറഞ്ഞു. ബ്രിട്ടന്റെ അതിര്‍ത്തിയുടെയും നിയമത്തിന്റെയും പണത്തിന്റെയും നിയന്ത്രണം തങ്ങള്‍ക്ക് നല്‍കുന്നതും വ്യാപാരതൊഴില്‍ മേഖല സംരക്ഷിക്കുന്നതുമാണ് കരാറെന്നും മേയ് ആവര്‍ത്തിച്ചു.

എന്നാല്‍, നിയമങ്ങളെക്കുറിച്ച് വ്യക്തമായി പറയാത്ത പാതിവഴിയില്‍ അവസാനിക്കുന്ന കരാറാണിതെന്ന് പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബിന്‍ വിമര്‍ശിച്ചു. പാര്‍ലമെന്റിനേക്കാളുപരി തന്റെ മോശം കരാറിന് മേല്‍ക്കൈ നല്‍കുകയാണ് മേയെന്നും അദ്ദേഹം പറഞ്ഞു. 2019 മാര്‍ച്ചിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുദ്ദേശിക്കുന്നത്.

അതേ സമയം 585 പേജുള്ള ഡ്രാഫ്റ്റ് ബ്രെക്‌സിറ്റ് എഗ്രിമെന്റ് യൂറോപ്യന്‍ കമ്മീഷനും പുറത്തുവിട്ടു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നേതാക്കള്‍ക്കൊപ്പം, സ്‌കോട്ട്‌ലണ്ടിലെ നേതാക്കളും തെരേസ മെയ്യുടെ നിലപാടുകളെ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല എന്നതാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഇരു പ്രവിശ്യകളിലെയും നേതാക്കള്‍ വ്യക്തമാക്കിയത്. നോര്‍ത്തേണ്‍ അയര്‌ലണ്ടിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം തെരേസ മെയ് അനുഭവിക്കുമെന്ന് ഡി യൂ പി നേതാവ് അര്‍ലീന്‍ ഫോസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.