1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പ്ലാന്‍ ബിയുമായി തെരേസാ മേയ് പാര്‍ലമെന്റില്‍; ബ്രെക്‌സിറ്റ് വേണ്ടെങ്കില്‍ സാധ്യമായ ഒരു കരാര്‍ അംഗീകരിക്കൂവെന്ന് എംപിമാരോട് മേയ്; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോര്‍ബിന്‍; ബ്രിട്ടനെ ഒഴിവാക്കി വ്യാപാര ഉടമ്പടിയുമായി ഫ്രാന്‍സും ജര്‍മനിയും. പാര്‍ലമെന്റ് തള്ളിയ ബ്രെക്‌സിറ്റ് കരാര്‍ വ്യവസ്ഥകളില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് ഒത്തുതീര്‍പ്പിനും ചര്‍ച്ചകള്‍ക്കും തയാറാണെന്ന വ്യക്തമാക്കി മേയുടെ നിര്‍ദേശം.

ഐറിഷ് അതിര്‍ത്തി ഉള്‍പ്പെടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതുമായി ബന്ധപ്പെട്ടു തയാറാക്കിയ കരാറിലെ തര്‍ക്കവിഷയങ്ങളില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചായിരുന്നു ഇന്നലെ മേ പാര്‍ലമെന്റില്‍ ബദല്‍പദ്ധതി അവതരിപ്പിച്ചത്. ഏറ്റവുമധികം വിയോജിപ്പു നേരിടുന്ന വടക്കന്‍ അയര്‍ലന്‍ഡ്– ഐറിഷ് റിപ്പബ്ലിക്ക് അതിര്‍ത്തി വിഷയത്തില്‍ എംപിമാരുടെ വ്യക്തമായ നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ഐറിഷ് ആഭ്യന്തരയുദ്ധത്തിനറുതി കുറിച്ച ‘ഗുഡ് ഫ്രൈഡേ’ കരാറില്‍ തൊടാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. രണ്ടാമതൊരു ഹിതപരിശോധനയ്ക്കു വേണ്ടി എംപിമാര്‍ ആഹ്വാനം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

പിന്മാറ്റ നടപടികള്‍ക്കായി പ്രഖ്യാപിച്ച ‘ആര്‍ട്ടിക്കിള്‍ 50’ കാലാവധി നീട്ടേണ്ടിവരും. പക്ഷേ സമയം നീട്ടിത്തരാന്‍ ഇയു സമ്മതിക്കില്ല. അപ്പോള്‍, പ്രഖ്യാപിച്ച ‘ആര്‍ട്ടിക്കിള്‍ 50’ പിന്‍വലിക്കുകയെന്നതാകും പോംവഴി. അതായത് ബ്രെക്‌സിറ്റില്‍നിന്നുതന്നെ പിന്മാറ്റം. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കേണ്ട 65 പൗണ്ട് ഫീ റദ്ദാക്കുമെന്നും തൊഴിലവകാശങ്ങള്‍ ഉറപ്പാക്കുമെന്ന മേയുടെ പ്രഖ്യാപനം പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറിമി കോര്‍ബിന്‍ സ്വാഗതം ചെയ്തു. ഇന്നലെ അവതരിപ്പിച്ച ബദല്‍ പദ്ധതിയില്‍ ചര്‍ച്ച അടുത്തയാഴ്ച നടക്കും.

കരാറില്ലാത്ത ബ്രെക്‌സിറ്റിന് സാധ്യത ശക്തമായ സാഹചര്യത്തില്‍ ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ പുതിയ ഉടന്പടി തയാറായി. ഇരു രാജ്യങ്ങളും തത്വത്തില്‍ അംഗീകരിച്ച കരാര്‍ ചൊവ്വാഴ്ച ഒപ്പുവയ്ക്കും. മേഖലയില്‍ ശക്തമാകുന്ന തീവ്ര വലതുപക്ഷ വാദത്തെയും അതു കാരണമുള്ള തീവ്ര ദേശീയതയെയും ചെറുക്കുന്നതും ഉടന്പടിയുടെ ലക്ഷ്യമാണ്. ഫ്രാങ്കോ ജര്‍മന്‍ സാന്പത്തിക മേഖല വഴി സാന്പത്തിക സഹകരണം ശക്തമാക്കുക എന്നത് ഉടന്പടിയിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്.

യൂറോപ്പിന്റെ സൈനിക ശേഷി വര്‍ധിപ്പിക്കുക, പ്രതിരോധത്തിലെ വിടവുകള്‍ അടയ്ക്കാന്‍ സംയുക്ത നിക്ഷേപം നടത്തുക, യൂറോപ്യന്‍ യൂണിയന്റെയും നാറ്റോയുടെ കരുത്ത് വര്‍ധിപ്പിക്കുക എന്നീ പ്രതിരോധ ലക്ഷ്യങ്ങളും പുതിയ കരാറില്‍ ഉള്‍പ്പെടും. അതിനിടെ ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തുന്ന ശ്രമങ്ങള്‍ക്ക് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസിന്റെ പരിഹാസം. ബ്രിട്ടനും അയര്‍ലന്‍ഡും തമ്മില്‍ അതിര്‍ത്തി വിഷയം ചര്‍ച്ച ചെയ്താല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുന്നത് എങ്ങെയാണെന്നാണ് മാസ് പരിഹസിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.