1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്റെ അകത്തേക്കോ പുറത്തേക്കോ, ഹിതപരിശോധന ഇന്ന്. രാവിലെ ഏഴിനാണ് പോളിങ് തുടങ്ങുക. 10 ന് അവസാനിക്കും. എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനില്‍ നല്ലൊരു ശതമാനവും ഇതിനകം വോട്ടവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം.

അവസാനവട്ട അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും. ഹിതപരിശോധനക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണത്തിന്റെ കലാശക്കൊട്ട് ലണ്ടനിലെ വെംബ്‌ളി സ്റ്റേഡിയത്തില്‍ അവസാനിച്ചു.

അതിനിടെ, ബ്രെക്‌സിറ്റ് സംബന്ധിച്ച ടെലിവിഷന്‍ സംവാദം അഭിപ്രായ ഭിന്നതയില്‍ കലാശിച്ചു. പ്രചാരണത്തിന്റെ അവസാന ദിനമായിരുന്നു ലണ്ടനിലെ വെംബ്‌ളി സ്റ്റേഡിയത്തില്‍ ബി.ബി.സിയുടെ നേതൃത്വത്തില്‍ ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും സംവാദം സംഘടിപ്പിച്ചത്.

അനുകൂലിക്കുന്നവരുടെ ‘ലീവ്’ പാനല്‍ നയിച്ചത് ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും എതിര്‍ക്കുന്നവരുടെ ‘റിമെയ്ന്‍’ പാനല്‍ നയിച്ചത് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനുമായിരുന്നു. സംവാദത്തില്‍ കൂടുതലും ചര്‍ച്ചചെയ്യപ്പെട്ടത് കുടിയേറ്റം, ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥ, പരമാധികാരം എന്നീ വിഷയങ്ങളായിരുന്നു.

യൂറോപ്പുമായും മറ്റു രാജ്യങ്ങളുമായുള്ള ബ്രിട്ടന്റെ ബന്ധം എങ്ങനെയായിരിക്കണമെന്ന് നിര്‍ണയിക്കുന്ന ഹിതപരിശോധനയില്‍ ബ്രിട്ടിഷ്, ഐറിഷ്, കോമണ്‍വെല്‍ത്ത് പൗരന്‍മാര്‍ വോട്ട് ചെയ്യും. ബ്രിട്ടനില്‍ താമസിക്കുന്ന 18 തികഞ്ഞവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം. ബ്രിട്ടന് പുറത്തുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. എന്നാല്‍ യൂറോപ്യന്‍ യൂനിയന്‍ പൗരന്‍മാര്‍, അവര്‍ ബ്രിട്ടനില്‍ താമസിക്കുന്നവരായാലും വോട്ട് ചെയ്യാനാകില്ല.

ഇയുവില്‍ നിന്ന് പുറത്തുപോകാനാണ് ഹിതപരിശോധനാ ഫലമെങ്കില്‍ ബ്രിട്ടനില്‍ വന്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നാണ് പ്രവചനം. തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുകയും പൊതു കടം കൂടി രാജ്യം സാമ്പത്തിക അരക്ഷിതത്വത്തിലേക്ക് വഴുതുമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്ത് 30 ലക്ഷത്തിലേറെ പേര്‍ ഇപ്പോള്‍ തൊഴില്‍രഹിതരാണ്. 2030 ഓടെ യൂറോപ്യന്‍ യൂനിയന്‍ 790000 ലേറെ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ബ്രിട്ടന്‍ ഇയു വിട്ടാല്‍ 950000 തൊഴിലുകള്‍ നഷ്ടപ്പെടുകയാവും ഫലം. എന്നാല്‍ ബ്രെക്‌സിറ്റ് ബ്രിട്ടനില്‍ മൂന്നു ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് അനുകൂലികളുടെ മറുവാദം.

യൂനിയനില്‍ തുടരുന്നിടത്തോളം കുടിയേറ്റം നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് ഒരു വാദം. നിലവിലെ അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയന് കഴിഞ്ഞിട്ടില്ല. ബ്രിട്ടന്‍ പുറത്തുപോകുകയാണെങ്കില്‍ പോയിന്റ് ബേസ്ഡ് കുടിയേറ്റ സമ്പ്രദായമായിരിക്കും പിന്തുടരുക. മാത്രമല്ല പൗണ്ടിന്റെ വിലയിടിവ്, ഓഹരി വിപണിയുടെ തകര്‍ച്ച, ബാങ്ക് ഓഫ് ഇംഗ്‌ളണ്ടിന്റെ പലിശ നിരക്ക് വര്‍ധിപ്പിക്കല്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രധാനമന്ത്രി ഡേവിഡ് കാമറണും ചാന്‍സലര്‍ ജോര്‍ജ് ഒസ്‌ബോണും ഉള്‍പ്പെടെ ഭൂരിപക്ഷ സര്‍ക്കാര്‍ എം.പിമാരും (കണ്‍സര്‍വേറ്റിവ് പാര്‍ട്ടി) അംഗങ്ങളും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ പിന്തുണക്കുന്നു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനും മുന്‍ പ്രധാനമന്ത്രിമാരും ലിബറല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍ പാര്‍ട്ടി, സ്‌ക്വോട്ടിഷ് നാഷനല്‍ പാര്‍ട്ടി എന്നിവരും പിന്തുണക്കുന്നു.

സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ജസ്റ്റിസ് മിഖായേല്‍ ഗോവ്, മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്‍ എന്നിവരാണ് ബ്രിട്ടന്റെ പിന്‍മാറ്റത്തെ പിന്തുണക്കുന്ന പ്രമുഖര്‍. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ പകുതിയോളം അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ട്. കുടിയേറ്റ വിരുദ്ധത മുഖമുദ്രയായി സ്വീകരിച്ച തീവ്രവലതു പക്ഷ പാര്‍ട്ടിയായ യു.കെ.ഐ.പിയും നേതാവ് നൈജല്‍ ഫാരേജും ബ്രിട്ടന്‍ ഫസ്റ്റും ബ്രെക്‌സിറ്റിനായി ശക്തമായി രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.