1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന്റെ ഗതി ഇനിയെന്താകും അവിശ്വാസം അതിജീവിച്ച തെരേസാ മേയ്ക്ക് മുന്നിലുള്ളത് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയും നേരിടാത്ത കടുത്ത വെല്ലുവിളികള്‍; ബ്രിട്ടന് പുനരാലോചനകള്‍ക്ക് സമയമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് കരാര്‍ എംപിമാര്‍ വന്‍ഭൂരിപക്ഷത്തോടെ നിരാകരിച്ചതിനു പിന്നാലെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്.

എന്നാല്‍ ബ്രിട്ടീഷ് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ട മേയ്ക്ക് ഇനി ബ്രെക്‌സിറ്റ് എപ്രകാരം നടപ്പാക്കാനാവുമെന്നു വ്യക്തമല്ല. ഇതിന് മുമ്പ് 1924ല്‍ പ്രധാനമന്ത്രിയായിരുന്ന ലേബര്‍പാര്‍ട്ടിയുടെ റംസി മക്‌ഡോണള്‍ഡാണ് പാര്‍ലമെന്റില്‍ ഇത്രയും വലിയ പരാജയം നേരിട്ടിട്ടുള്ളത്. ബ്രെക്‌സിറ്റ് വോട്ടില്‍ സ്വന്തം പാര്‍ട്ടിയിലെ എം.പിമാരുടെ വോട്ട് പോലും ഉറപ്പിക്കാന്‍ തെരേസാ മേക്ക് കഴിഞ്ഞില്ല.

മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ പദ്ധതി പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിക്കുക, നോ ഡീല്‍ അഥവാ ഉടമ്പടികളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുക, കരാറിന്‍മേല്‍ വീണ്ടും ചര്‍ച്ച നടത്തുക, ബ്രെക്‌സിറ്റ് വേണമോ വേണ്ടയോ എന്ന വിഷയത്തില്‍ വീണ്ടുമൊരു ജനഹിത പരിശോധന നടത്തുക, ബ്രെക്‌സിറ്റ് പദ്ധതികള്‍ പൂര്‍ണമായും നിര്‍ത്തിവെക്കുകയും ഇതിനായി ആര്‍ട്ടിക്കിള്‍ 50യില്‍ ഭേദഗതി വരുത്തുകയും ചെയ്യുക എന്നിവയാണ് മേയ്ക്ക് മുന്നിലുള്ള വഴികള്‍.

ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് മേ. വീണ്ടും ബ്രസ്സല്‍സിലേക്ക് പോകുന്നതിന് മുന്നോടിയായി മുന്നണിയിലെ പാര്‍ട്ടികളുമായെല്ലാം ചര്‍ച്ചക്ക് തയ്യാറാണെന്ന് മേ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാന്‍ ബി അഥവാ നോര്‍വെ രീതിയിലുളള കരാറാണ് മേയ്ക്കു മുന്നിലുള്ള പതിനെട്ടാമത്തെ അടവ്. ഇതുപ്രകാരം ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിടാം എന്നാല്‍ വാണിജ്യ കരാറുകള്‍ തുടരാം. ഇതിനെ ലേബര്‍പാര്‍ട്ടിയിലെ തന്നെ അംഗങ്ങള്‍ പിന്തുണക്കുന്നുണ്ട്.

മാര്‍ച്ച് 29 ന് അര്‍ധരാത്രി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനാണു നിലവിലുള്ള ധാരണ. വ്യക്തമായ കരാര്‍ അതിനകം ഉണ്ടായില്ലെങ്കില്‍ പരക്കെ കുഴപ്പമാകും. ബ്രിട്ടന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിലേക്കാവും അങ്ങനെയൊരവസ്ഥയില്‍ വീഴുക. കരാര്‍ പെട്ടെന്നു സാധ്യമല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്മാറ്റം നീട്ടിക്കൊണ്ടു പോകാന്‍ ബ്രിട്ടന്‍ ശ്രമിച്ചു കൂടായ്കയില്ലെന്നും നിരീക്ഷകര്‍ കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.