1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വോട്ടെടുപ്പ്; ബ്രെക്‌സിറ്റിന്റേയും പ്രധാനമന്ത്രി തെരേസ മേയുടേയും ഭാവി ഇന്നറിയാം; രാജ്യത്തിനുവേണ്ടി കരാര്‍ അംഗീകരിക്കണമെന്ന് ടോറി എംപിമാരോട് അഭ്യര്‍ഥിച്ച് മേയ്; ബില്‍ പരാജയപ്പെട്ടാല്‍ ഉടന്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ വേര്‍പെടുന്നതു സംബന്ധിച്ചു തയാറാക്കിയ കരാറിന്മേല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പു നടക്കും.
ബ്രെക്‌സിറ്റ് കരാറിനെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി തെരേസാ മേയ് എംപിമാരോട് അഭ്യര്‍ഥിച്ചു. കരാര്‍ അംഗീകരിക്കപ്പെടാതിരിക്കുകയും ബ്രെക്‌സിറ്റ് ഒഴിവാകുകയും ചെയ്താല്‍ ജനാധിപത്യത്തിലും രാഷ്ട്രീയക്കാരിലും ഉള്ള ജനതയുടെ വിശ്വാസം തകരുമെന്ന് മേയ് മുന്നറിയിപ്പു നല്‍കി. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കിയാല്‍ സാമ്പത്തികരംഗത്ത് വന്‍ കോളിളക്കം ഉണ്ടാവുമെന്നും അവര്‍ പറഞ്ഞു.

സ്വന്തം പാര്‍ട്ടിയിലെ വിമതരും ബ്രെക്‌സിറ്റ് വിരുദ്ധരും ലേബര്‍പാര്‍ട്ടിയും ചേരുന്നതോടെ, ബില്‍ കോമണ്‍സില്‍ വിജയിക്കില്ലെന്നതാണ് അന്തിമ വിലയിരുത്തല്‍. ബില്‍ പരാജയപ്പെടുകയാണെങ്കില്‍, തൊട്ടുപിന്നാലെ അവിശ്വാസ പ്രമേയവുമായി രംഗത്തെത്താനുള്ള തയ്യാറെടുപ്പിലാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍. ഫലത്തില്‍, തെരേസ മേയുടെ ഭാവിതന്നെയാകും ബ്രെക്‌സിറ്റ് ബില്ലിന്മേല്‍ നടക്കുന്ന വോട്ടെടുപ്പ് എന്നുറപ്പായി.

200 വോട്ടുകള്‍ക്കെങ്കിലും ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുനമെന്നാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരിന് പിന്നീട് പിടിച്ചുനില്‍ക്കുക എളുപ്പമാകില്ല. എന്നാല്‍ ബില്‍ പരാജപ്പെടുന്ന പക്ഷം രാജിവെച്ച് പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കുകയുയാണ് മേയുടെ പദ്ധതിയെന്നാണ് നിഗമനം.

ബ്രെക്‌സിറ്റ് നടപ്പാക്കുകയെന്ന നിര്‍ദേശമാണ് ബ്രിട്ടീഷ് ജനത നല്‍കിയിരിക്കുന്നതെന്നും അത് പാലിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും തെരേസ മേയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാത്രമല്ല, പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് ബില്‍ പരാജയപ്പെടുകയാണെങ്കില്‍, സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി വീണ്ടും സ്‌കോട്ട്‌ലന്‍ഡിന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ടുവരാനിടയുണ്ട്. അത് യുകെയുടെ നിലനില്‍പ്പിനെയും ബാധിക്കുമെന്നും അവര്‍ പറയുന്നു.

പ്രഭുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ബ്രെക്‌സിറ്റ് ബില്‍ 152നെതിരേ 321 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് അപായ സൂചനയായാണ് ലേബര്‍ പാര്‍ട്ടി കരുതുന്നത്. അതേസമയം വോട്ടെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് ബ്രക്‌സിറ്റിന്റെ സമയപരിധി നീട്ടി നല്‍കാനാണ് യൂറോപ്യന്‍ കൗണ്‍സിലിന്റെ നീക്കം. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 29നാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുക.

മെയ് മാസം യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ബ്രെക്‌സിറ്റ് നടപ്പാകുന്നതിനാല്‍, ബ്രിട്ടന്‍ ഈ തിരഞ്ഞെടുപ്പില്‍ പങ്കാളിയാവില്ലെന്നാണ് കരുതപ്പെടുന്നത്. കാലാവധി നീട്ടി നല്‍കുകയാണെങ്കില്‍, പുതിയ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് ബ്രിട്ടന് അംഗങ്ങളെ നല്‍കേണ്ടിവരും. മാത്രമല്ല കരാര്‍ നീട്ടുന്നതിനെതിരെ യൂണിയനില്‍ തന്നെ പ്രതിഷേധ ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടനിലും ഐറിഷ് ബാക്ക്‌സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴത്തെ കരാറിനെതിരായ വികാരം ശക്തമാക്കിയിട്ടുണ്ട്. വടക്കന്‍ അയര്‍ലന്‍ഡിന്റെയും റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിന്റെയും അതിര്‍ത്തി പരിശോധനകളില്ലാതെ തുടരണമെന്ന കരാറിലെ വ്യവസ്ഥ (ബാക്‌സ്റ്റോപ്പ്) ഉപയോഗിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ബാക്‌സ്റ്റോപ്പ് നടപ്പിലാക്കിയാല്‍ത്തന്നെ അത് ചുരുങ്ങിയ കാലത്തേക്കായിരിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.