1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2016

സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമീര്‍ പുടിനും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 16 കരാറുകളില്‍ ഇരുവരും ഒപ്പുവച്ചു. റഷ്യന്‍ സഹകരണത്തോടെ ആന്ധ്രാപ്രദേശില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്‌സിറ്റിക്കുള്ള ധാരണാപത്രം, ഹെലികോപ്ടര്‍ നിര്‍മ്മാണം, വാതക പൈപ്പ്‌ലൈന്‍, റെയില്‍വേ വികസനം എന്നിവയുമായി ബന്ധപ്പെട്ട പതിനാറ് ധാരണാപത്രങ്ങളിലും ഒപ്പുവച്ചതോടൊപ്പം മൂന്നു സുപ്രധാന പ്രഖ്യാപനങ്ങളും ഇരു നേതാക്കളും നടത്തിയിട്ടുണ്ട്.

കപ്പല്‍ നിര്‍മ്മാണത്തിലും ആന്ധ്രാപ്രദേശില്‍ വൈദഗ്ധ്യ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിലും ഇന്ത്യക്ക് റഷ്യയുടെ സഹകരണം ലഭിക്കും. വിദ്യാഭ്യാസം, ഊര്‍ജം, ബഹിരാകാശ ഗവേഷണം, റെയില്‍വേ മേഖല, ഇന്‍ഫ്രഡെവലപ്‌മെന്റ് എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്.

റഷ്യയുമായുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മോഡി ഒരു പഴയ സുഹൃത്താണ് പുതിയ രണ്ട് സുഹൃത്തുക്കളേക്കാള്‍ മെച്ചമെന്ന് ചൂണ്ടിക്കാട്ടി. പുടിന് ഇന്ത്യയോടുള്ള ആഴത്തിലുള്ള സ്‌നേഹത്തെ കുറിച്ച് തനിക്ക് ബോധ്യമുണ്ട്. തങ്ങളുടേത് ശരിക്കും സവിശേഷവും അതുല്യവുമായ ബന്ധമാണ്. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ റഷ്യയുടെ ഉറച്ച പിന്തുണ അനിവാര്യമാണ്. ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ റഷ്യയുടെ പിന്തുണ ലഭിച്ചതിലും മോഡി നന്ദി അറിയിച്ചു.

ഭീകരവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇരുരാജ്യങ്ങളും ആവശ്യപ്പെടുന്നത്. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ വ്യവസായ ബന്ധം മെച്ചപ്പെടുത്തും സൈനികവും സാങ്കേതികവുമായ സഹകരണവും മെച്ചപ്പെടുത്തുമെന്നും മോഡി പറഞ്ഞു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.