1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ചാരനായ റഷ്യക്കാരനെ കൊല്ലാന്‍ ശ്രമം; 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കി. റഷ്യക്കാരനായ മുന്‍ ബ്രിട്ടീഷ് ചാരന്‍ സെര്‍ഗെയ് സ്‌ക്രീപല്‍, മകള്‍ യുലിയ എന്നിവരെ വിഷ രാസവസ്തു നല്‍കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കി. ഇവരോട് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യംവിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 30 വര്‍ഷത്തിനിടെ ഇത്രയേറെ നയതന്ത്രജ്ഞരെ ഒരുമിച്ചു പുറത്താക്കുന്നത് ഇതാദ്യമാണ്.

റഷ്യയില്‍ ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ ബ്രിട്ടിഷ് സര്‍ക്കാരിന്റെ പ്രതിനിധികളോ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ പ്രതിനിധികളോ പങ്കെടുക്കില്ലെന്നും പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. മുന്‍ നിശ്ചയപ്രകാരമുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും നയതന്ത്ര യോഗങ്ങളും നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രിക്കു ബ്രിട്ടനിലേക്കുണ്ടായിരുന്ന ക്ഷണം റദ്ദാക്കി.

ബ്രിട്ടന്റെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്കു കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ചരക്കുനീക്കത്തിനുള്ള കസ്റ്റംസ് പരിശോധനകളും കര്‍ക്കശമാക്കും. ബ്രിട്ടനിലെ റഷ്യക്കാരുടെ ആസ്തികളില്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു തോന്നുന്നവ മരവിപ്പിക്കുമെന്നും പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ അറിയിച്ചു.

സ്‌ക്രീപലിനും മകള്‍ക്കുമെതിരെ നടന്ന ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നും കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിക്കു മുന്‍പു തൃപ്തികരമായ വിശദീകരണം നല്‍കണമെന്നുമായിരുന്നു ബ്രിട്ടന്റെ നിലപാട്. ആരോപണങ്ങള്‍ തള്ളുകയും ബ്രിട്ടന്റെ ആവശ്യം അവഗണിക്കുകയുമാണു റഷ്യ ചെയ്തത്. സംഭവത്തിനു പിന്നില്‍ ബ്രിട്ടന്റെ തന്നെ ഗൂഢാലോചനയാണെന്നും രാസവസ്തുവിന്റെ സാംപിള്‍ നല്‍കിയാല്‍ പരിശോധനയ്ക്കു ശേഷം പ്രതികരിക്കാമെന്നുമായിരുന്നു റഷ്യയുടെ നിലപാട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.