1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2018

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് രക്ഷാദൗത്യവുമായി ബ്രിട്ടനില്‍ ജെറമി ഹണ്ട് വിദേശകാര്യ സെക്രട്ടറി; പ്രധാനമന്ത്രി തെരേസാ മേയ്ക്ക് പൂര്‍ണ പിന്തുണയെന്ന് ഹണ്ട്. ബ്രെക്‌സിറ്റ് നയങ്ങളില്‍ പ്രധാനമന്ത്രി തെരേസാ മേയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നു രാജിവച്ച ബോറീസ് ജോണ്‍സനു പകരമാണ് പുതിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായി ജെറമി ഹണ്ട് ചാര്‍ജെടുത്തത്. തെരേസാ മേയ്ക്ക് സര്‍വ പിന്തുണയും നല്‍കുമെന്നും അധികാരമേറ്റയുടന്‍ ഹണ്ട് വ്യക്തമാക്കി.

ജോണ്‍സനു പുറമേ ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ബേക്കറും രാജിവച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് മേ ഊന്നിപ്പറഞ്ഞു. എല്ലാവരും ഒരുമിച്ചു നിന്നില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ അധികാരത്തിലെത്താമെന്ന അപകടമുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതില്‍ വെള്ളം ചേര്‍ക്കുന്നെന്നും യൂറോപ്യന്‍ യൂണിയനു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നുമാണു മേയ്ക്ക് എതിരേ രാജിവച്ച മന്ത്രിമാര്‍ ഉന്നയിക്കുന്ന മുഖ്യ ആരോപണം. മേയുടെ പദ്ധതി പ്രാവര്‍ത്തികമായാല്‍ യൂറോപ്യന്‍ യൂണിയന്റെ കോളനിയായി ബ്രിട്ടന്‍ അധപ്പതിക്കുമെന്ന് ജോണ്‍സണ്‍ പറഞ്ഞു. ചെക്കേഴ്‌സില്‍ ചേര്‍ന്ന കാബിനറ്റ് യോഗം ബ്രെക്‌സിറ്റ് വിഷയത്തില്‍ അംഗീകരിച്ച നിലപാട് കാറ്റില്‍പ്പറത്തിയാണ് ജോണ്‍സണും ഡേവീസും രാജിവച്ചത്.

ഇതിനിടെ തെരേസാ മേയ് തുടരണമോ എന്ന കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ബ്രിട്ടനിലെ പൊതുജനങ്ങളാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന വിവാദമായി. യൂറോപ്യന്‍ പര്യടനത്തിനു തിരിക്കും മുമ്പാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഈ യാത്രയില്‍ ട്രംപ് ബ്രിട്ടനിലെത്തി മേയുമായും ചര്‍ച്ച നടത്തുന്നുണ്ട്. ബോറീസ് ജോണ്‍സണ്‍ തന്റെ സുഹൃത്താണെന്നും ബ്രിട്ടീഷ് സന്ദര്‍ശനവേളയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കു പദ്ധതിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.