1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ ഇയു അംഗത്വ ഹിതപരിശോധന, ഊഞ്ഞാലാടി പ്രധാനമന്ത്രി കാമറണിന്റെ രാഷ്ട്രീയ ഭാവി. ബ്രിട്ടനില്‍ ജൂണ്‍ 23 ന് നടക്കാനിരിക്കുന്ന ഹിതപരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ഭാവി ഇരുളടഞ്ഞതാക്കുമെന്ന് റിപ്പോര്‍ട്ട്.

യൂറോപ്യന്‍ യൂനിയനില്‍ (ഇ.യു) ബ്രിട്ടന്‍ അംഗമായി തുടരേണ്ടതുണ്ടോ എന്നറിയാന്‍ നടക്കുന്ന ഹിതപരിശോധനയില്‍ കാമറണിന്റെ നിലപാട് ജനങ്ങള്‍ നിരാകരിക്കുമെന്ന് ഭരണകക്ഷിയിലെ വിമത എം.പിമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടന്‍ ഇ.യുവില്‍ തുടരണമെന്ന നിലപാടിന് പിന്തുണ തേടി കാമറണ്‍ നടത്തുന്ന പ്രചാരണം പരാജയപ്പെടുന്ന പക്ഷം സ്ഥാനമൊഴിയാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുമെന്ന് വിമത എം.പിമാര്‍ വ്യക്തമാക്കി.

ഹിതപരിശോധനയിലെ ഭൂരിപക്ഷം നാമമാത്രമാകുന്ന സാഹചര്യത്തിലും രാജിക്കുവേണ്ടിയുള്ള സമ്മര്‍ദം ശക്തമാകുമെന്ന് ഐ.ടി.വി ചാനല്‍ സൂചന നല്‍കി. ഭരണകക്ഷിയുടെ പ്രചാരണങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് രാജ്യത്ത് സംജാതമായിരിക്കുന്നതെന്ന് വിമത എം.പി നാദീന്‍ ഡോറിസ് പറയുന്നു.

ഹിതപരിശോധനാ വിഷയത്തില്‍ ഭരണകക്ഷിയില്‍ നെടുകെയുള്ള പിളര്‍പ്പ് രൂപപ്പെടുകയാണെന്നും ഭരണകക്ഷിയെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ അപ്രത്യക്ഷമായ സാഹചര്യത്തില്‍ ഹിതപരിശോധനക്കുശേഷം പൊതു തെരഞ്ഞെടുപ്പ് അനിവാര്യമാകുമെന്നുമാണ് മറ്റൊരു വിമത എം.പിയായ ആന്‍ഡ്രൂ ബ്രിഡ്ജന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ഹിതപരിശോധനക്കു ശേഷം വിശ്വാസവോട്ട് തേടാന്‍ കാമറണ്‍ നിര്‍ബന്ധിതനാകുമെന്നും സൂചനയുണ്ട്. കാമറണിന്റെ നിലപാടുകള്‍ ചോദ്യം ചെയ്ത് ഇതിനകം ഭരണകക്ഷിയിലെ 50 എം.പിമാര്‍ രംഗത്തുവന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തെ അതിജീവിക്കില്ലെന്നാണ് നിരീക്ഷകരുടെ പ്രവചനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.