1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2015

ഇറാനില്‍ ബ്രിട്ടണ്‍ വീണ്ടും എംബസി തുറക്കുന്നു. നാലു വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടണ്‍ ടെഹ്‌റാനില്‍ എംബസി തുറക്കുന്നത്. ഇറാനിലെ ബ്രിട്ടീഷ് എംബസിക്ക് നേരെ ഒരു കൂട്ടം ആളുകള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് എംബസി അടച്ചത്. ലണ്ടനിലെ ഇറാനിയന്‍ എംബസിയും ഇതേദിവസം തുറക്കും.

ബ്രിട്ടീഷ് എംബസി തുറക്കുന്നതിനായി ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഫിലിപ്പ് ഹാമൊണ്ട് ഈ ആഴ്ച്ച അവസാനം ഇറാനിലേക്ക് പോകും. ഇറാനിയന്‍ നൂക്ലിയര്‍ ഡീലിനെ തുടര്‍ന്ന് ഇറാന്റെ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എംബസികള്‍ തുറന്ന് നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.

14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഒരു ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഇറാന്‍ സന്ദര്‍ശിക്കുന്നത്. ഫ്രാന്‍സ്, ഇറ്റലി വിദേശകാര്യ മന്ത്രിമാര്‍, ജര്‍മ്മന്‍ വൈസ് ചാന്‍സിലര്‍, ഇയു ഫോറിന്‍ പോളിസി ചീഫ് എന്നിവര്‍ ഇറാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഇറാനിലെത്തുന്നത്. 2001ലാണ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി അവസാനമായി തെഹ്‌റാനിലെത്തുന്നത്. 1953 മുതല്‍ തുടങ്ങിയ ചരിത്രമാണ് ബ്രിട്ടണും ഇറാനും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ക്കുള്ളത്. അന്നത്തെ ഇറാനിയന്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ് മൊസാദേക്കിനെ പുറത്താക്കിയതില്‍ ബ്രിട്ടണുള്ള പങ്കിനെക്കുറിച്ചുള്ള സംശയമാണ് ഇറാനും ബ്രിട്ടണും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ഫോറിന്‍ ഓഫീസ് പൊളിറ്റിക്കല്‍ ഡയറക്ടര്‍ സര്‍ സൈമണ്‍ ഗസ്, ബ്രിട്ടീഷ് ബിസിനസ് പ്രതിനിധികള്‍ എന്നിവര്‍ ഹാമണ്ടിനൊപ്പം ഇറാനിലെത്തും. എംബസികളുടെ പ്രവര്‍ത്തനം വീണ്ടും സജീവമാകുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധവും ശക്തിപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.